പീരുമേട്ടിലെ അയ്യപ്പനെക്കുറിച്ചറിയാം ഇടുക്കി:ഇത് ഇടുക്കി പീരുമേട് വാസികളുടെ സ്വന്തം അയ്യപ്പണ്ണൻ (Ayyappan). നന്നായിട്ട് പാടും, നിരവധി താരങ്ങളുടെ ശബ്‌ദം അനുകരിക്കും, നാട്ടിലെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം. അതിനൊപ്പം ചില വിഷമങ്ങളും ഉള്ളിലൊളിപ്പിക്കുന്നുണ്ട് ഈ കലാകാരൻ (Ayyappan Singer from Peermade).
പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് കലയുടെ വഴിയെ സഞ്ചരിക്കണം എന്നായിരുന്നു അയ്യപ്പന് ആഗ്രഹം. നാട്ടിലെ ചെറിയ ക്ലബുകളിലും ഉത്സവ പരിപാടികളിലും തന്‍റെ ഉള്ളിലെ കലാവാസന ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് കയ്യടി നേടാറുണ്ട് അയ്യപ്പൻ. പുതിയ കാലത്തിന്‍റെ വഴി കലാകാരന്മാർക്ക് കൂടുതൽ അനുയോജ്യം ആണെന്നിരിക്കെ ടെലിവിഷൻ മേഖലയിലേക്ക് എത്തിച്ചേരാൻ അയ്യപ്പന് അധിക സമയം വേണ്ടി വന്നില്ല.
മിമിക്രിക്കാരെയും നല്ല പാട്ടുകാരെയും പ്രത്യേക കഴിവുകൾ ഉള്ളവരെയും കണ്ടെത്തി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ തന്‍റെ കഴിവുകൾ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ആ വഴിയെ തന്നെയാണ് കഴിഞ്ഞവർഷം ചിത്രീകരണം പൂർത്തിയാക്കിയ ഒരു മലയാള ചിത്രത്തിലെ മുഴുനീള നെഗറ്റീവ് വേഷത്തിന് അവസരം ലഭിക്കുന്നത്.
പക്ഷെ നിർഭാഗ്യമെന്ന് പറയട്ടെ ഈ ചിത്രം പുറത്തിറങ്ങിയില്ല. കലാകാരന്മാരെ അംഗീകരിക്കുന്നതോടൊപ്പം തന്നെ നാട്ടുകാർക്ക് പരിഹസിക്കുന്നതിനും വാക്‌ചാതുര്യം ഏറെയാണ് എന്നാണ് അയ്യപ്പന്‍റെ അഭിപ്രായം. സിനിമാനടൻ എന്നുള്ള പരിഹാസ്യമായ വിളികൾ അയ്യപ്പനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
ജീവിക്കാനായി ഓട്ടോ ഡ്രൈവർ ആകാനായിരുന്നു അയ്യപ്പന്‍റെ ആദ്യ തീരുമാനം. ഒപ്പം കൃഷിയുടെ വഴിയേ സഞ്ചരിക്കാൻ കുറച്ചു പശുക്കളെയും വാങ്ങി. ജീവിതം തരക്കേടില്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനിടെ വളർത്തിയിരുന്ന പശുക്കളെ ഏതൊക്കെയോ സാമൂഹികവിരുദ്ധർ കുരുക്കിട്ട് പിടിച്ച് കശാപ്പ് ചെയ്‌തു. ഇതോടെ ആ വരുമാനം നിലച്ചു. ഓട്ടോ തൊഴിലാളി ആയുള്ള ജീവിതവും സാമ്പത്തികമായി മെച്ചം ഒന്നും ഉണ്ടാക്കിയില്ല.
പിന്നാലെ പാടാനുള്ള കഴിവും അഭിനയ മോഹവുമായി കൊച്ചിയിലെത്തി. അവസരങ്ങൾ തേടി അലഞ്ഞങ്കിലും അതിന് ഫലമുണ്ടായില്ല. ദിവസങ്ങൾ പിന്നിട്ടപ്പോൾ വിശപ്പ് വില്ലനായി മാറി. ഭിക്ഷ എടുക്കുന്നതിനേക്കാൾ നല്ലത് തൊഴിലെടുത്ത് ജീവിക്കുകയാണ് എന്ന ബോധ്യം അയ്യപ്പനുണ്ടായിരുന്നു. ഒടുക്കം മുമ്പ് സ്വായക്തമാക്കിയ വെൽഡിങ് തൊഴിലിനെ കൂട്ടുപിടിച്ച് മുന്നോട്ടുള്ള പ്രയാണമാരംഭിച്ചു.
എന്നിരുന്നാലും ജോലിക്കിടയിൽ കിട്ടുന്ന ചെറിയ സമയങ്ങളിൽ പോലും ഇളയരാജയുടെ പഴയ പാട്ടുകൾ പാടാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ കൂടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അയ്യപ്പൻ നല്ലൊരു എന്‍റർടെയിനർ കൂടിയാണ്. സാക്ഷാൽ സൂപ്പർ സ്റ്റാർ രജനീകാന്തിനെയാണ് അയ്യപ്പൻ ഗോഡ്‌ഫാദർ ആയി കാണുന്നത്.
അദ്ദേഹത്തിന്‍റെ സംസാരവും ചിരിയും ചില മാനറിസങ്ങളുമെല്ലാം ജീവിതത്തിലേക്ക് പകർത്തിയെടുത്ത് അയ്യപ്പൻ പ്രാവർത്തികമാക്കുന്നു. പലപ്പോഴും യേശുദാസിന്‍റെ ശബ്‌ദ സാമ്യത ഉള്ളതുകൊണ്ട് തന്നെ അവസരങ്ങൾ ലഭിക്കുന്നതിൽ പരിമിതി നേരിട്ടിരുന്നു. എന്നാൽ താൻ ഒരിക്കലും യേശുദാസിനെ അനുകരിക്കാൻ ശ്രമിച്ചില്ലെന്നും തന്‍റെ ശബ്‌ദത്തിൽ അങ്ങനെ ഒരു സാധ്യത ഉണ്ടെന്നു കേൾവിക്കാർ പറഞ്ഞ അറിവാണെന്നും അയ്യപ്പൻ സങ്കടത്തോടെ പറയുന്നു.
തൊഴിലിടങ്ങളിൽ പോലും വകഭേദങ്ങൾ കാണുന്ന മലയാളിക്ക് മുന്നിൽ ഒരു കലാകാരൻ കൂലിപ്പണി എടുത്താൽ കിട്ടുന്ന പരിഹാസ്യത മാത്രമാണ് അയ്യപ്പനെ എക്കാലവും വേദനിപ്പിക്കുന്നത്. ജീവിതത്തിന്‍റെ 35 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. വരും വർഷങ്ങളിൽ ഒരു കലാകാരൻ ആയി വളർന്നു വരുക എന്നുള്ളത് തന്നെയാണ് ലക്ഷ്യമെന്നും അയ്യപ്പൻ പറഞ്ഞുനിർത്തി.
കോട്ടയം പാലായിൽ നിന്ന് 10 കിലോമീറ്റർ മാറി ഒരു ഉൾനാടൻ പ്രദേശത്ത് വെൽഡിങ് തൊഴിൽ ചെയ്‌തുകൊണ്ടിരിക്കേയാണ് ഇടിവി സംഘം അയ്യപ്പനെന്ന ഈ കലാപ്രതിഭയെ കണ്ടെത്തുന്നതും അദ്ദേഹത്തിന്‍റെ കഴിവുകളെ തിരിച്ചറിയുന്നതും. അയ്യപ്പനെ പോലുള്ള കലാകാരൻമാർ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവരുടെ കഴിവുകളെ കണ്ടില്ലെന്ന് നടിച്ചുകൂട.