ഇന്ത്യൻ ബോക്സോഫീസിൽ പുതുചരിത്രം കുറിച്ച് ജെയിംസ് കാമറൂൺ ചിത്രം 'അവതാർ ദ വേ ഓഫ് വാട്ടർ'. ഡിസംബര്‍ 16ന് തിയേറ്ററിലെത്തിയ ചിത്രം മൂന്നാഴ്‌ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍ 450 കോടി രൂപയ്‌ക്ക് മുകളില്‍ കലക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ കലക്ഷനുണ്ടാക്കിയ ഹോളിവുഡ് ചിത്രമായും അവതാറിന്‍റെ രണ്ടാം പതിപ്പ് മാറി.
മാർവെൽ ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്‍റെ റെക്കോഡാണ് അവതാർ 2 തകർത്തത്. റിപ്പോര്‍ട്ട് പ്രകാരം എൻഡ് ഗെയിം ഇന്ത്യയില്‍ നിന്നും 438 കോടി രൂപയാണ് നേടിയത്. പ്രവൃത്തിദിവസങ്ങളിൽ ചിത്രത്തിന് കലക്ഷനിൽ കുറവുണ്ടായെങ്കിലും വാരാന്ത്യത്തിൽ ഇത് കുതിച്ച് ഉയരുകയായിരുന്നു.
ദക്ഷിണേന്ത്യയില്‍ വമ്പന്‍ റിലീസിന് കളമൊരുങ്ങവെ ചിത്രത്തിന് അടുത്ത ആഴ്‌ച വളരെ നിർണായകമാണ്. അതേസമയം ആഗോള ബോക്സോഫീസിലും വമ്പന്‍ നേട്ടമാണ് ദ വേ ഓഫ് വാട്ടർ കൊയ്യുന്നത്. ലോകമെമ്പാടുമായി ചിത്രം 14,060 കോടി നേടിയെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ജെയ്‌ക്കും നെയ്‌തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സുള്ളി കുടുംബത്തിന്‍റെ ജീവിതം പറയുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ഇന്ത്യയില്‍ തിയേറ്ററുകളിലെത്തിയത്.
അവതാര്‍ 3 വ്യത്യസ്തമാകും:2009ല്‍ പുറത്തിറങ്ങിയ അവതാറിന്‍റെ ആദ്യ പതിപ്പിന് ശേഷം പാൻഡോറിലെ നവി ഗോത്രത്തിന്‍റെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്നാണ് സംവിധായകന്‍ ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചിരുന്നത്. ഇതോടെ അവതാര്‍ 3നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്നാം പതിപ്പില്‍ പുതിയ നാവി ഗോത്രത്തെയാവും അവതരിപ്പിക്കുകയെന്ന് ജെയിംസ് കാമറൂണ്‍ വ്യക്തമാക്കിക്കഴിഞ്ഞു.
കാട്ടിലെയും വെള്ളത്തിലെയും നാവി ഗോത്രത്തിന്‍റെ ജീവിതത്തെയാണ് ചിത്രത്തിന്‍റെ ആദ്യ രണ്ട് പതിപ്പുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. മൂന്നാം ഭാഗം അഗ്നിയുമായി ബന്ധപ്പെട്ടതാവുമെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു. ഇവരിലൂടെ നാവി ഗോത്രത്തിന്‍റെ മറ്റൊരു വശമാകും കാണിക്കുകയെന്നും ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാമറൂണ്‍ പറഞ്ഞു.
'ആഷ് പീപ്പ്ള്‍' എന്നായിരിക്കും അഗ്നിയുമായി ബന്ധപ്പെട്ട ഗോത്രത്തെ വിശേഷിപ്പിക്കുക. നാവി ഗോത്രക്കാരുടെ നല്ല വശങ്ങള്‍ മാത്രമാണ് ഇതുവരെ കാണിച്ചിട്ടുള്ളത്. മറ്റൊരു തലത്തില്‍ അവരെ അവതരിപ്പിക്കണമെന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളിലും മനുഷ്യരാണ് പ്രശ്‌നക്കാര്‍. എന്നാല്‍ മൂന്നാം ഭാഗം അതിന് വിപരീതമാവുമെന്നും കാമറൂണ്‍ വ്യക്തമാക്കി.
അവതാര്‍ 3 പൂര്‍ണ്ണമായും ചിത്രീകരിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സിനിമയിപ്പോള്‍ സിജി മാജിക്കിനായുള്ള പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഡിസ്‌നിയുടെ തലപ്പത്തുള്ളവരുമായുള്ള ചര്‍ച്ച ഉടൻ ആരംഭിക്കും. അവതാര്‍ 4, 5 ഭാഗങ്ങളുടെ കഥയെല്ലാം തന്നെ പൂര്‍ത്തിയായതാണ്. 4-ാം പതിപ്പിന്‍റെ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അവതാർ: ദി സീഡ് ബെയറർ എന്നാവും മൂന്നാം ഭാഗത്തിന്‍റെ ടൈറ്റില്‍ എന്നാണ് സൂചനകള്‍. 2024 ഡിസംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അവസാനിക്കാത്ത അത്‌ഭുതം: 2009 ഡിസംബറിലാണ് അവതാർ പരമ്പരയിലെ ആദ്യ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വിദൂര ഗ്രഹമായ പെൻഡോറയില്‍ നടക്കുന്ന കഥയാണ് ആദ്യ ഭാഗത്തില്‍ ജെയിംസ് കാമറൂൺ ദൃശ്യ വിസ്‌മയമായി അവതരിപ്പിച്ചത്. മനുഷ്യ സമൂഹത്തില്‍ അടങ്ങാത്ത ദുരയുടെ കഥ പറഞ്ഞ ചിത്രം ലോകമൊട്ടാകെ 2,789 ദശലക്ഷം ഡോളറാണ് നേടിയത്.
ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു അവതാർ ആദ്യ ഭാഗത്തിന്‍റെ നിർമാണവും. വോള്യം എന്ന പേരില്‍ സ്വന്തമായി കാമറ നിർമിച്ചാണ് അവതാർ ആദ്യ ഭാഗം ഷൂട്ട് ചെയ്‌തത്. ചിത്രത്തിലെ അന്യഗ്രഹ ജീവികളായ നാവികളുടെ ഭാഷ യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ ഭാഷ ശാസ്ത്രജ്ഞനായ പോൾ ഫ്രോമർ കൃത്രിമമായി സൃഷ്‌ടിച്ചതാണ്. ആയിരത്തോളം വാക്കുകളാണ് നാവി ഭാഷയിലുള്ളത്. ഇനി വരാനിരിക്കുന്ന അവതാർ 3 ഭാഗത്തെ കൂടാതെ അവതാർ 4, 5 ഭാഗങ്ങളും അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.