മുംബൈ:ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിതകഥ പറയുന്ന 'മേൻ റഹൂൻ യാ നാ രഹൂൻ യേ ദേശ് രഹ്‌ന ചാഹിയേ -അടല്‍' എന്ന ചിത്രത്തില്‍ വാജ്‌പേയിയായി പങ്കജ് ത്രിപാഠിയെത്തും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ പ്രമുഖ നടന്‍ പങ്കജ് ത്രിപാഠി അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കളാണ് അറിയിച്ചത്. ബിജെപിയുടെ സഹസ്ഥാപകരില്‍ ഒരാളും സമുന്നതനായ നേതാവുമായ എ.ബി വാജ്‌പേയിയുടെ ജീവിതയാത്രയെ വരച്ചുകാട്ടുന്ന ചിത്രം ഉത്കർഷ് നൈതാനി തിരക്കഥയെഴുതി, മൂന്ന് തവണ ദേശീയ അവാർഡ് സ്വന്തമാക്കിയ രവി ജാദവാണ് സംവിധാനം ചെയ്യുന്നത്.
വാജ്‌പേയിയെപ്പോലെ ബഹുമുഖ വ്യക്തിത്വത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. ഒരു രാഷ്‌ട്രീയക്കാരൻ എന്നതിലുപരി ഒരു മികച്ച എഴുത്തുകാരനും പ്രശസ്‌ത കവിയുമായിരുന്നു എ.ബി വാജ്‌പേയിയെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഷൂ ആയിരിക്കുക എന്നതുപോലും തന്നെ പോലെ ഒരു നടനെ സംബന്ധിച്ച് വലിയ അംഗീകാരമാണെന്നും 46കാരനായ ത്രിപാഠി കൂട്ടിച്ചേര്‍ത്തു.
പങ്കജ് ത്രിപാഠി സംവിധായകനും നിര്‍മാതാവിനുമൊപ്പം
അതേസമയം ത്രിപാഠിയെപ്പോലുള്ള പ്രതിഭാധനനായ നടനെ വച്ച് ഇത്തരത്തിലൊരു സിനിമ നിര്‍മിക്കുന്നതില്‍ താന്‍ സന്തുഷ്‌ടനാണെന്ന് നടരംഗ്, ബാലഗന്ധർവ എന്നീ മറാത്തി ചിത്രങ്ങള്‍ സംവിധാനം ചെയ്‌തതിലൂടെ പ്രശസ്‌തനായ രവി ജാദവ് അറിയിച്ചു. 1947 ല്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘിൽ (ആർഎസ്എസ്) ചേർന്ന വാജ്പേയി, പിന്നീട് ബിജെപിയുടെ അമരക്കാരനായും ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായും മാറി. ഒരു സംവിധായകൻ എന്ന നിലയിൽ തനിക്ക് അടൽജിയുടേതിനേക്കാൾ മികച്ച മറ്റൊരു കഥ ചോദിക്കാൻ കഴിയുമായിരുന്നില്ല. അത് സ്‌ക്രീനിലെത്തിക്കാന്‍ പങ്കജ് ത്രിപാഠിയെപ്പോലെ മികച്ചൊരു നടനും നിര്‍മാതാക്കളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മേൻ റഹൂൻ യാ നാ രഹൂൻ യേ ദേശ് രഹ്‌ന ചാഹിയേ -അടല്‍ എന്നചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍
70 എംഎം ടാക്കീസിന്‍റെ സഹകരണത്തോടെ വിനോദ് ഭാനുശാലി, സന്ദീപ് സിങ്, സാം ഖാൻ, കമലേഷ് ഭാനുശാലി എന്നിവർ ചേർന്നാണ് 'അടൽ' നിർമിക്കുന്നത്. സീഷൻ അഹമ്മദും ശിവ് ശർമയുമാണ് ചിത്രത്തിന്‍റെ സഹനിര്‍മാതാക്കള്‍. ചിത്രത്തില്‍ വാജ്‌പേയിയുടെ വേഷത്തിന് ത്രിപാഠിയാണ് ഏറ്റവും അനുയോജ്യനെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ഭാനുശാലി സ്‌റ്റുഡിയോസ് ലിമിറ്റഡും ലെജൻഡ് സ്‌റ്റുഡിയോസും കൈകോര്‍ത്ത് ഒരുക്കുന്ന ചിത്രം വാജ്‌പേയിയുടെ 99-ാം ജന്മവാർഷികമായ 2023 ലെ ക്രിസ്‌തുമസ് വേളയിൽ റിലീസിനെത്തിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.