ആശ ശരത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഖെദ്ദ'. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'ഖെദ്ദ' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കുടുംബ പശ്ചാത്തലത്തില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് 1.22 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സഞ്ചരിക്കുന്നത്.
അടുത്തിടെ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. 'ഖെദ്ദ'യിലെ 'അണിയറയില്‍' എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മനോജ് കുറൂരിന്‍റെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ.മേനോന്‍റെ സംഗീതത്തില്‍ കവിത ജയറാം ആണ് ഗാനാലാപനം.
അമ്മയും മകളും തമ്മിലുള്ള ബന്ധം, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'ഖെദ്ദ'. ആശ ശരത്തിനൊപ്പം മകള്‍ ഉത്തരയും വേഷമിടുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകതകളില്‍ ഒന്ന്. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും വേഷമിടുന്നത്.
സുധീര്‍ കരമന ആശ ശരത്തിന്‍റെ ഭര്‍ത്താവായും ചിത്രത്തില്‍ വേഷമിടും. സുദേവ് നായര്‍, ജോളി ചിറയത്ത്, സരയു തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും. മനോജ് കാനയാണ് തിരക്കഥയും സംവിധാനവും.
ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി അബ്‌ദുള്‍ നാസര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. പ്രതാപ് പി.നായര്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.