കൊവിഡ് കാലത്ത് ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് സാര്‍പ്പട്ട പരമ്പരൈ. പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ ആര്യ നായകനായ ചിത്രം പഴയകാല മദ്രാസിലെ പ്രധാന കായിക വിനോദമായിരുന്ന ബോക്‌സിങ്ങിനെ ആസ്‌പദമാക്കിയാണ് അണിയിച്ചൊരുക്കിയത്. സാര്‍പ്പട്ട പരമ്പരൈയിലെ കബിലന്‍ എന്ന കഥാപാത്രം ആര്യയുടെ കരിയറിലെ മികച്ച റോളുകളിലൊന്നായി മാറി.
ഒടിടിയില്‍ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്‍റെ തിയേറ്റര്‍ അനുഭവം മിസായതിന്‍റെ നിരാശ പലരും പങ്കുവച്ചിരുന്നു. സാര്‍പ്പട്ട പരമ്പരൈ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് പുതിയൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ബ്ലോക്ക്‌ബസ്റ്റര്‍ സിനിമയുടെ രണ്ടാം ഭാഗം സംവിധായകന്‍ പാ രഞ്‌ജിത്ത് പ്രഖ്യാപിച്ചു.
സാര്‍പ്പട്ട പരമ്പരൈ 2വില്‍ കബിലനായി ആര്യ വീണ്ടും എത്തും. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ആര്യ, പാ രഞ്‌ജിത്ത് ഉള്‍പ്പെടെയുളള അണിയറക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 'കബിലന്‍ റിട്ടേണ്‍സ്, ഫോര്‍ ഹോണര്‍ ആന്‍ഡ് ഗ്ലോറി' എന്ന് കുറിച്ചാണ് പാ രഞ്‌ജിത്ത് രണ്ടാം ഭാഗത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
അതേസമയം രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും സാര്‍പ്പട്ട പരമ്പരൈ 2വിന്‍റെ മറ്റു താരനിരയോ അണിയറപ്രവര്‍ത്തകരെ കുറിച്ചോ ഉളള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജതിന്‍ സേതിയുടെ നാദ് സ്റ്റുഡിയോസും പാ രഞ്‌ജിത്തിന്‍റെ നീലം പ്രൊഡക്ഷന്‍സും ആര്യയുടെ ദ ഷോ പീപ്പിളും ചേര്‍ന്നാണ് സര്‍പ്പാട്ട പരമ്പരൈ രണ്ടാം ഭാഗം നിര്‍മിക്കുക.
സന്തോഷ് പ്രതാപ്, ജോണ്‍ കൊക്കന്‍, പശുപതി, ഷബീര്‍ കല്ലറക്കല്‍, കലൈയരസന്‍, ജോണ്‍ വിജയ്, ദുഷാറ വിജയന്‍ തുടങ്ങിയവരാണ് സാര്‍പ്പട്ട പരമ്പരൈ ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. 2021 കൊവിഡ് കാലത്താണ് ഹിറ്റ് ചിത്രം ആമസോണ്‍ പ്രൈം വഴി ലോകമെമ്പാടുമുളള പ്രേക്ഷകരിലേക്ക് എത്തിയത്. സന്തോഷ് നാരായണന്‍റെതാണ് സിനിമയുടെ സംഗീതം. മുരളി ജി ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിന് ദിലീപ് സുബ്ബരായനാണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്.
വിക്രമിനെ നായകനാക്കിയുളള തങ്കളാന്‍ ആണ് നിലവില്‍ പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമയിലെ വിക്രമിന്‍റെ കഥാപാത്രത്തിന്‍റെ ലുക്കും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. മലയാളി താരം പാര്‍വതി തിരുവോത്ത് നായികയായി എത്തുന്ന ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്.
19-ാം നൂറ്റാണ്ടില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയുളള ചിത്രമാണ് ഇത്. വിക്രം സിനിമയ്‌ക്ക് പുറമെ കമല്‍ഹാസനെ നായകനാക്കിയുളള ഒരു സിനിമയും പാ രഞ്‌ജിത്ത് പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അട്ടക്കത്തി ആണ് പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. തുടര്‍ന്ന് മദ്രാസ്, കബാലി, കാല, വിക്‌ടിം, നച്ചത്തിരം നഗര്‍ഗിറതു തുടങ്ങിയ സിനിമകളും സംവിധായകന്‍റെതായി പുറത്തിറങ്ങി. ശക്തമായ കഥാപശ്ചാത്തലങ്ങളുളള സിനിമകളിലൂടെയാണ് പാ രഞ്‌ജിത്ത് പ്രേക്ഷകരുടെ ഇഷ്‌ട സംവിധായകനായി മാറിയത്.