അരുൺ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മിഷൻ ചാപ്റ്റർ 1'. വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 12, പൊങ്കൽ ദിനത്തിൽ തിയേറ്ററുകളിലെത്തും (Arun Vijay starrer Mission Chapter 1 Release). ഇപ്പോഴിതാ 'മിഷൻ ചാപ്റ്റർ 1'ലെ ഗാനമാണ് ഏവരുടെയും ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'കണ്ണേ ചെല്ല കണ്ണേ...' എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സോണി മ്യൂസിക് സൗത്തിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതിനോടകം 13 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഹൃദയം തൊടുന്ന മെലഡിയായി എത്തിയ ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്.
യൂട്യൂബിന് പുറമെ സ്‌പോട്ടിഫൈ, ജിയോ സാവൻ, വിങ്ക് മ്യൂസിക്ക്, ആമസോൺ മ്യൂസിക്, യൂട്യൂബ് മ്യൂസിക്, ആപ്പിൾ മ്യൂസിക്, ഇൻസ്റ്റഗ്രാം യൂസർ ഒഡിയോ, ഗാന തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഈ ഗാനം ലഭ്യമാണ്. ജി വി പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം. സംവിധായകൻ വിജയ് തന്നെയാണ് ഗാനരചന. ഗാനം ആലപിച്ചിരിക്കുന്നത് രവി ജി, ഉത്തര ഉണ്ണികൃഷ്‌ണൻ എന്നിവർ ചേർന്നാണ്.
ഒട്ടനവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ ആണ് 'മിഷൻ ചാപ്റ്റർ 1' നിർമിച്ചത്. എമി ജാക്‌സണും നിമിഷ സജയനും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു. ബേബി ഇയാൽ, അബി ഹസ്സൻ, ഭരത് ബൊപ്പണ്ണ, വിരാജ് എസ്, ജേസൺ ഷാ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ മഹാദേവ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് സംവിധായകൻ വിജയ് തന്നെയാണ്. ലണ്ടനിലും ചെന്നൈയിലുമായി 70 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. തമിഴിന് പുറമെ തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിലും 'മിഷൻ ചാപ്റ്റർ 1' പ്രദർശനത്തിനെത്തും.
നേരത്തെ ചിത്രത്തിന്‍റെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയിൽ വൻ മാസ് - ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകുന്നതായിരുന്നു ടീസർ. അരുൺ വിജയ്‌യുടെ തകർപ്പൻ പ്രകടനങ്ങളും ടീസർ ഉറപ്പ് തരുന്നുണ്ട്. ഒരു ജയിൽ ഗാർഡിന്‍റെ വേഷത്തിലാണ് ചിത്രത്തിൽ എമി പ്രത്യക്ഷപ്പെടുന്നത്.
സന്ദീപ് കെ വിജയ്‌യാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ചിത്രസംയോജനം ആന്‍റണി നിർവഹിക്കുന്നു. സ്റ്റണ്ട് സിൽവയാണ് ആക്ഷനും പ്രാധാന്യമുള്ള സിനിമയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
കലാസംവിധാനം - ശരവണൻ വസന്ത്, വസ്‌ത്രാലങ്കാരം - രുചി മുനോത്, മേക്കപ്പ് - പട്ടണം റഷീദ്, സഹനിർമ്മാണം - സൂര്യ വംശി പ്രസാദ് കോത, ജീവൻ കോത, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വി ഗണേഷ്, പ്രൊഡക്ഷൻ കൺട്രോളർ - കെ മണി വർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ (യുകെ) - ശിവകുമാർ, ശിവ ശരവണൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - മനോജ് കുമാർ കെ, സൗണ്ട് ഡിസൈൻ - എം ആർ രാജകൃഷ്‌ണൻ, വിഎഫ്‌എക്‌സ് - ഡിനോട്ട്, സിറ്റിൽസ് - ആർ എസ് രാജ, പബ്ലിസിറ്റി ഡിസൈനർ - പ്രഥൂൽ എൻ ടി, പി ആർ ഒ - ശബരി എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ:അരുൺ വിജയ്‌യുടെ 'മിഷൻ ചാപ്റ്റർ- 1' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്