ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കിയ 'അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ' സിനിമയുടെ ടീസർ പുറത്ത് (Artharaathri Panthrandu Muthal Aaru Vare Teaser). ആന്‍റോ ടൈറ്റസ്, കൃഷ്‌ണ പ്രസാദ് എന്നിവർ ചേർന്ന് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ഉദ്വേഗമുണർത്തുന്ന, ത്രില്ലിങ് ടീസറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. അറങ്കം സ്റ്റുഡിയോസിന്‍റെ ബാനറിൽ സംവിധായകൻ ആന്‍റോ ടൈറ്റസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.
'അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ'യുടെ കഥ എഴുതിയിരിക്കുന്നതും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും ആന്‍റോ ടൈറ്റസ് തന്നെയാണ്. ചിത്രം നവംബർ പത്തിന് പ്രദർശനത്തിനെത്തും (Artharaathri Panthrandu Muthal Aaru Vare Release). സൻഹ ആർട്ട്‌സ് റിലീസാണ് ചിത്രം പ്രദർശനത്തിനായി എത്തിക്കുന്നത്.
റോബിന്‍ സ്റ്റീഫന്‍, ബോബി നായര്‍, രേഷ്‌മ മനീഷ്, രഞ്ജിത്ത് ചെങ്ങമനാട്, ഗൗരി കൃഷ്‌ണ, ജാസ്‌മിന്‍ എസ്. എം, ധക്ഷ ജോതിഷ്, ജലത ഭാസ്‌കരന്‍, ശാലിനി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്ന സുദേവൻ എന്ന കഥാപാത്രം ഒരു അപരിചിതനെ ഇടിച്ചു വീഴ്‌ത്തുകയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ ആ അപരിചിതനുമായി ഇയാൾ തന്‍റെ വീട്ടിലേക്കെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് 'അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ' എന്ന ഈ സിനിമ പറയുന്നത്.