മുംബൈ : തൻ്റെ പുതിയ റൊമാൻ്റിക്ക് കോമഡി ചിത്രമായ 'തൂ ഛൂട്ടി, മേം മക്കാറി'ന്‍റെ പ്രമോഷൻ്റെ ഭാഗമായി ചണ്ഡിഗഡിൽ എത്തിയതായിരുന്നു രൺബീർ കപൂർ. അപ്പോഴാണ്, പാകിസ്ഥാനി സിനിമയിൽ അഭിനയിക്കുന്നത് പരിഗണിക്കാമെന്ന താരത്തിൻ്റെ മുൻ നിലപാടുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നത്. ഇതിന് 'കല നിങ്ങളുടെ രാജ്യത്തേക്കാൾ വലുതല്ല' എന്നായിരുന്നു രൺബീറിൻ്റെ പ്രതികരണം.
രൺബീറിൻ്റെ വാക്കുകൾ :'എൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണ് തോന്നുന്നത്. ഒരു അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് പോയപ്പോൾ ഒരു പാകിസ്ഥാനി മാധ്യമപ്രവർത്തകനാണ് നല്ല കഥകൾ കിട്ടിയാൽ ആ രാജ്യത്തിന്‍റെ സിനിമകളിൽ അഭിനയിക്കുമോ എന്ന് ചോദിച്ചത്, തുടർന്ന് ഒരു വിവാദമൊഴിവാക്കാൻ, പരിഗണിക്കാവുന്നതാണ് എന്ന് പറഞ്ഞു. ഫവാദിന് (പാകിസ്ഥാനി നടൻ) ഒപ്പം ഞാൻ യേ ദിൽ ഹേ മുഷ്‌കിലിൽ അഭിനയിച്ചിട്ടുണ്ട്. റാഹത് ഫത്തേ അലി ഖാൻ, ആത്തിഫ് അസ്‌ലം തുടങ്ങിയ, ഹിന്ദി സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ ചെയ്‌ത പ്രതിഭകളെ എനിക്കറിയാം. എനിക്ക് സിനിമ സിനിമയാണ്, അതിന് അതിർത്തികൾ ബാധകമാണെന്ന് തോന്നിയിട്ടില്ല'.