ചെന്നൈ : ബില്ല, വേലായുധം, വേതാളം, ഓരം പോ എന്നീ ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ കലാസംവിധായകൻ മിലൻ ഫെർണാണ്ടസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു (Art Director Milan Fernandez Passed Away). 54 വയസായിരുന്നു. തമിഴ് സൂപ്പര്‍താരം അജിത്തിന്‍റെ വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അസെര്‍ബായ്‌ജാനില്‍ വച്ചാണ് മിലന്‍ ഫെര്‍ണാണ്ടസിന്‍റെ വിയോഗം. തമിഴ് നടൻ പ്രേം കുമാറാണ് എക്‌സിലൂടെ മരണ വാർത്ത സ്ഥിരീകരിച്ചത്.
'പ്രിയ കലാസംവിധായകൻ മിലൻ സാർ ഇനിയില്ല, അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹ്യത്തുകൾക്കും എന്‍റെ അനുശോചനം', ഇതായിരുന്നു പ്രേംകുമാറിന്‍റെ ട്വീറ്റ്. തമിഴ് നടൻ ജയം രവിയും മിലന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്‌തു.
ചെന്നൈ സ്വദേശിയായ മിലൻ 1999-ൽ അസിസ്റ്റന്‍റ് ആർട്ട് ഡയറക്‌ടറായി പ്രവർത്തിച്ചു തുടങ്ങിയാണ് തമിഴ് സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. തമിഴൻ, വില്ലൻ, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രശസ്‌ത കലാസംവിധായകൻ സാബു സിറിളിന്‍റെ അസിസ്റ്റന്‍റ് ആർട്ട് ഡയറക്‌ടറായി. 2006ൽ പുറത്തിറങ്ങിയ കലാഭ കാതലൻ, 2007ൽ പുറത്തിറങ്ങിയ ഓരം പോ എന്നീ ചിത്രങ്ങളിലൂടെ സ്വതന്ത്ര കലാസംവിധായകനായി മാറി.
പിന്നീട്, വൈത്തീശ്വരൻ, സൊല്ല സൊല്ല ഇനിക്കും ചിത്രങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. 2012-ൽ പത്മശ്രീ ഭരത് സരോജ് കുമാർ എന്ന ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാള സിനിമയിലും പ്രവർത്തിച്ചു. പീന്നിട് പരസ്യ ചിത്രങ്ങളിലും മിലൻ ഫെർണാണ്ടസ് സാന്നിധ്യം അറിയിച്ചു. 2006 മുതൽ 30-ലധികം സിനിമകൾക്ക് അദ്ദേഹം കലാസംവിധാനം ചെയ്‌തു.
ഓക്‌സിജൻ, സാമി 2, ജാനി, ബോഗന്‍, സാഗസം തുടങ്ങിയ സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചു. 2024ൽ പുറത്തിറങ്ങാനിരിക്കുന്ന ശിവ സംവിധാനം ചെയ്‌ത് സൂര്യ നായകനാകുന്ന തമിഴ് പീരിയഡ്-ആക്ഷൻ ചിത്രം കങ്കുവയുടെയും കലാസംവിധായകന്‍ മിലനായിരുന്നു.