മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ (Arjun Ashokan) നായകനായെത്തുന്ന പുതിയ ചിത്രം 'തീപ്പൊരി ബെന്നി'യുടെ (Theeppori Benny first look poster) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അടുത്തിടെ 'രോമാഞ്ച'ത്തിലെ സിനുവായും 'പ്രണയവിലാസ'ത്തിലെ സൂരജായുമൊക്കെ മികച്ച പ്രകടനം കാഴ്‌ചവച്ച അർജുൻ അശോകൻ ഇത്തവണ ഒരു നാട്ടിൻ പുറത്തുകാരനായാണ് പ്രേക്ഷകർക്ക് മുന്നില്‍ എത്തുന്നത്.
വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി'. അർജുൻ അശോകൻ 'ബെന്നി വരുന്നു തീപ്പൊരിയുമായി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്. പോസ്റ്ററും അർജുൻ അശോകന്‍റെ ലുക്കും ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുമായി ജീവിക്കുന്ന വട്ടക്കുട്ടയിൽ ചേട്ടായിയുടേയും രാഷ്‌ട്രീയത്തെ വെറുക്കുന്ന മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ രസകരമായി കോർത്തിണക്കി കുടുംബ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി'. അർജുൻ അശോകൻ തീപ്പൊരി ബെന്നിയെ അവതരിപ്പിക്കുമ്പോൾ വട്ടക്കുട്ടയിൽ ചേട്ടായിക്ക് ജീവൻ പകരുന്നത് മലയാളികളുടെ ഇഷ്‌ടതാരം ജഗദീഷാണ്. ടൊവിനോ നായകനായി എത്തിയ, മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയിൽ ബ്രൂസ്‍ലി ബിജിയായി വേഷമിട്ട ഫെമിന ജോർജാണ് (Femina George) ചിത്രത്തിലെ നായിക.