Aparna Balamurali reacts to student s misbehavior: സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ പ്രതികരിച്ച് അപര്‍ണ ബാലമുരളി. എറണാകുളം ലോ കോളജില്‍ വച്ച് വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്ന് അപര്‍ണ. തന്‍റെ പുതിയ സിനിമ 'തങ്ക'ത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ വേദിയിലിരുന്ന അപര്‍ണയെ വിദ്യാര്‍ഥി കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിട്ട് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിലാണ് നടിയുടെ പ്രതികരണം.
Aparna Balamurali statement: 'ഒരു സ്‌ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈ വയ്‌ക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ല എന്നത് ഗുരുതരമാണ്. കൈ പിടിച്ച് എഴുന്നേല്‍പ്പിച്ചത് തന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്ത് വച്ച് നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്‌ത്രീയോട് കാണിക്കേണ്ട മര്യാദ അല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയം ഇല്ല എന്നതാണ് കാരണം. എന്‍റെ എതിര്‍പ്പു തന്നെയാണ് ഇപ്പോഴത്തെ മറുപടി' -അപര്‍ണ പറഞ്ഞു.
എന്നാല്‍ പരിപാടിയുടെ സംഘാടകരോട് പരിഭവം ഇല്ലെന്നും അപര്‍ണ അറിയിച്ചു. സംഘാടകര്‍ സംഭവം നടന്ന ഉടനെയും പിന്നീടും ഖേദം അറിയിച്ചിരുന്നതായും നടി പറയുന്നു. അപര്‍ണയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയതില്‍ ലോ കോളജ് യൂണിയന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
Student s misbehavior to Aparna Balamurali: എറണാകുളം ലോ കോളജില്‍ എത്തിയപ്പോഴായിരുന്നു യുവാവില്‍ നിന്നും അപര്‍ണയ്‌ക്ക് മോശം അനുഭവം നേരിട്ടത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപര്‍ണയെ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വേദിയിലെത്തിയ വിദ്യാര്‍ഥി നടിയുടെ തോളില്‍ കയ്യിടാന്‍ ശ്രമിക്കുന്നതും അപര്‍ണ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
Support to Aparna Balamurali: വിഷയത്തില്‍ പ്രതികരിച്ച് നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ദേഹത്ത് സ്‌പര്‍ശിക്കാന്‍ പാടില്ലെന്നും അപര്‍ണ സംഭവത്തെ സധൈര്യം നേരിട്ടുവെന്നുമാണ് പലരും സംഭവത്തില്‍ പ്രതികരിച്ചത്. അനുവാദമില്ലാതെ ഒരു സ്‌ത്രീയുടെ ശരീരത്തില്‍ സ്‌പര്‍ശിക്കുന്നത് അന്യായമാണെന്നും വീണ്ടും മാപ്പ് പറയുന്ന രീതിയില്‍ കൈയില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിക്കുന്നത് അതിലും വലിയ തെറ്റാണെന്നുമാണ് എഴുത്തുകാരി സൗമ്യ രാധ വിദ്യാധര്‍ പ്രതികരിച്ചത്.