ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' (Anweshippin Kandethum). സിനിമയുടെ ഫസ്‌റ്റ് ഗ്ലാൻസ് ഇന്നെത്തും (Anweshippin Kandethum First Glance). വൈകിട്ട് ആറ് മണിക്കാകും ഇത് നിര്‍മാതാക്കള്‍ പുറത്തുവിടുക.
ടൊവിനോ തോമസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഫസ്‌റ്റ് ഗ്ലാന്‍സ് അനൗണ്‍സ്‌മെന്‍റ് പോസ്‌റ്ററും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 'നിഗൂഢത അനാവരണം ചെയ്യുന്നു!!! 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നതിലേക്കുള്ള ആദ്യ നോട്ടം ഇന്ന് വൈകുന്നേരം 6:00 മണിക്ക് നിങ്ങള്‍ക്ക് മുന്നിലെത്തും !!!' - താരം കുറിച്ചു.
Also Read:സ്‌റ്റൈലായി 'സൂപ്പര്‍ സ്‌റ്റാറായി' ടൊവിനോ തോമസ്; നടികര്‍ തിലകം പുതിയ മാസ് പോസ്‌റ്റര്‍ വൈറല്‍
പതിവ് ഇന്‍വെസ്‌റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ജിനു വി എബ്രഹാം, ജോണി ആന്‍റണി എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ഡാർവിൻ കുര്യാക്കോസ് ഇതാദ്യമായാണ് ടൊവിനോ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആകുന്നത്. വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്‌ടുകളില്‍ ഒന്നാണ്.
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രൻസ്, സിദ്ദിഖ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, മധുപാൽ, കോട്ടയം നസീർ, ബാബുരാജ്, അസീസ് നെടുമങ്ങാട്, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശൻ, സാദിഖ്, ശരണ്യ, അർത്ഥന ബിനു, രമ്യ സുവി തുടങ്ങിയവരും അണിനിരക്കുന്നു. എഴുപതോളം താരങ്ങളുള്ള ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളുമുണ്ട്.