ഖുറേഷി ഇപ്പോള്‍ മൊറോക്കോയിലാണ്... പ്രേക്ഷകര്‍ നാളേറെയായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രമാണ് 'എമ്പുരാന്‍'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേഷനും ആയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ഒരു പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം അദ്ദേഹത്തിന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. കറുത്ത ടീ ഷര്‍ട്ടും സണ്‍ഗ്ലാസും ധരിച്ച് കയ്യില്‍ സ്‌മാര്‍ട്ട് ഫോണും പിടിച്ച് ദൂരേയ്‌ക്ക് നോക്കി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണാനാവുക.
മോഹന്‍ലാലിന്‍റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ആന്‍റണി പെരുമ്പാവൂര്‍ പോസ്റ്റ് ചെയ്‌തത്. ചിത്രത്തില്‍ ഖുറൈശി എന്നെഴുതിയിരിക്കുന്നതും കാണാം. 'ഇന്‍ മൊറോക്കോ' എന്ന അടിക്കുറിപ്പോടെയാണ് ആന്‍റണി പെരുമ്പാവൂര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതോടെ 'എമ്പുരാനെ' കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് ആണോ ആന്‍റണി പെരുമ്പാവൂര്‍ പങ്കുവച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.
പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമാണ് 'എമ്പുരാന്‍'. ഓഗസ്‌റ്റിലായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. 2023 പകുതിയോടെ 'എമ്പുരാന്‍റെ' ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണമായും വിദേശത്തായിരിക്കും സിനിമയുടെ ചിത്രീകരണം. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും സൂചനയുണ്ട്.
Also Read:'ഷോട്ട് അവസാനിക്കുന്നു, ബ്ലാക്ക് ഔട്ട്'; എമ്പുരാന്‍ പോസ്റ്റുമായി പൃഥ്വിരാജ്