Puzhu release : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'പുഴു' ഇനി പ്രേക്ഷകര്‍ക്ക് മുമ്പിലെത്താന്‍ ഒരു ദിവസം മാത്രം. നാളെ (മെയ് 13) ഡയറക്‌ട് ഒടിടി റിലീസായി സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഈ സാഹചര്യത്തില്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ആന്‍റോ ജോസഫ്. 'പുഴു' കണ്ടിറങ്ങിയ ശേഷം മമ്മൂട്ടിയുടെ കഥാപാത്രത്തോട് അതിയായ ദേഷ്യം തോന്നിയെന്നാണ് നിര്‍മാതാവിന്‍റെ വെളിപ്പെടുത്തല്‍.
Anto Joseph penned after watching Puzhu: 'മമ്മൂക്കയുടെ 'പുഴു' നാളെ 'സോണി ലിവി'ലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കുറച്ചുദിവസം മുമ്പ് മമ്മൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ചിത്രം കാണാന്‍ അവസരമുണ്ടായി. കഥാപരിസരത്തെ കുറിച്ചോ മമ്മൂക്കയുടെ കഥാപാത്രത്തെ കുറിച്ചോ പറഞ്ഞ് രസച്ചരട് മുറിക്കുന്നില്ല. പക്ഷേ ഒന്നുപറയട്ടെ. സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയി. അത്രയേറെ ദേഷ്യം തോന്നി പേരു പോലുമില്ലാത്ത ആ നായകനോട്.
ഒരു 'പുഴു' ദേഹത്ത് ഇഴഞ്ഞുകയറിയതിന്‍റെ അസ്വസ്ഥത. അത്രയും നേരം എനിക്കരികെയുണ്ടായിരുന്ന, കാലങ്ങളായി പരിചിതനായ ഒരാളാണോ സ്‌ക്രീനില്‍ ഇങ്ങനെ രൂപമാറ്റം സംഭവിച്ച് എന്‍റെയുള്ളിലേക്ക് കോപം കോരിയിട്ടത്. കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോൾ മമ്മൂക്കയോടുള്ള ഇഷ്‌ടം കൂടുകയായിരുന്നു. കൂടുവിട്ടുകൂടുമാറ്റം എന്ന ജാലവിദ്യയാണ് എനിക്ക് പരിചയമുള്ള പഞ്ചപാവം മമ്മൂക്കയുടെ അടുത്തിരുന്ന് കൊണ്ട് ഞാന്‍ തൊട്ടുമുന്നിലെ സ്‌ക്രീനില്‍ കണ്ടത്. കഥാപാത്രങ്ങളോടുള്ള മമ്മൂട്ടി എന്ന നടന്‍റെ അടങ്ങാത്ത അഭിനിവേശത്തിന്‍റെ നേര്‍ക്കാഴ്‌ച. മമ്മൂക്കയ്ക്ക് ഒരിക്കലും അഭിനയിച്ച് കൊതിതീരുന്നില്ല. നമുക്ക് മമ്മൂക്കയെ കണ്ടും കൊതിതീരുന്നില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ മമ്മൂക്കയെയും നമ്മളെയും കൊതിപ്പിക്കാന്‍ കാലം കാത്തുവച്ചിട്ടുണ്ട് എന്നുറപ്പാണ്.