മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അന്ന ബെൻ. അരങ്ങേറ്റ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനം കൊണ്ട് തന്നെ തൻ്റെ അഭിനയ മികവ് തെളിയിക്കാൻ അന്ന ബെന്നിന് സാധിച്ചു. കുമ്പളങ്ങി നൈറ്റ്സിലെ നടിയുടെ ബേബിമോള്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തുടർന്ന് അന്നക്ക് കിട്ടിയ കഥാപാത്രങ്ങളെല്ലാം തന്നെ നായിക പ്രാധാന്യമുള്ളതായിരുന്നു. അന്ന ബെൻ ടൈറ്റില്‍ കഥാപാത്രമായി എത്തിയ ഹെലൻ മലയാളത്തിൽ വൻ വിജയം നേടിയിരുന്നു. തുടർന്ന് ബോളിവുഡിൽ ജാൻവി കപൂർ നായികയായി ഹെലൻ്റെ ഹിന്ദി റീമേക്ക് ഒരുക്കുകയും ചെയ്‌തിരുന്നു.
തൊട്ടതെല്ലാം പൊന്നാക്കിയ പാരമ്പര്യമുള്ള അന്ന ഇപ്പോൾ തമിഴിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. പിഎസ് വിനോദ്‍രാജിൻ്റെ സംവിധാനത്തിൽ തമിഴ് ചിത്രം കൊട്ടുകാളിയിൽ ഇതുവരെ കാണാത്ത വേറിട്ട വേഷത്തിലാണ് അന്ന ബെൻ എത്തുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ടീസർ അന്ന ബെൻ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിരുന്നു.
സിനിമക്ക് വേണ്ടി താരം നടത്തിയ മേക്കോവറാണ് ടീസറിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. മുടിപിന്നിലേക്ക് കെട്ടിവച്ച്, ഇരുണ്ട നിറത്തിൽ ബസ്‌മ കുറിതൊട്ട് ഒരു ഗ്രാമ പ്രദേശത്തിൽ നിന്നുള്ള സാധാരണ പെൺകുട്ടിയായിട്ടാണ് അന്ന ബെന്നിനെ ടീസറിൽ കാണാൻ സാധിക്കുന്നത്. ഒരു ഓട്ടോറിക്ഷക്കകത്ത് ഇരിക്കുന്ന അന്ന ബെന്നിൻ്റെ പിറകിൽ കാലുകൾ കെട്ടിവച്ച നിലയിൽ ഒരു കോഴിയേയും കാണാൻ സാധിക്കും. വളരെ മികച്ച രീതിയിൽ മേക്കപ്പ് ചെയ്‌താണ് അന്ന സിനിമയിൽ വേഷമിട്ടത്.