നിരൂപകര്‍ സിനിമ എന്ന മാധ്യമത്തെ കൂടുതല്‍ അറിയുകയും പഠിക്കുകയും ചെയ്യണമെന്ന് അഞ്ജലി മേനോന്‍. സിനിമകള്‍ കണ്ട് അഭിപ്രായം പറയാമെന്നും എന്നാല്‍ ആദ്യ രംഗവും ഇടവേളയും ആകുമ്പോള്‍ വരുന്ന ട്വീറ്റുകള്‍ ഉത്തരവാദിത്തം ഇല്ലായ്‌മയാണ് എന്നും സംവിധായിക തുറന്നടിച്ചു.
'സാങ്കേതിക മേഖലകളിലെ കമന്‍റുകളെ സ്വാഗതം ചെയ്യുന്നയാളാണ് ഞാന്‍. സിനിമ നിരൂപണങ്ങള്‍ പ്രധാനപ്പെട്ടതാണ്. നിരൂപണങ്ങള്‍ ചെയ്യുമ്പോള്‍ സിനിമയെ കുറിച്ചുള്ള അറിവ് പ്രധാനമാണ്', അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായിക ഇക്കാര്യം വ്യക്തമാക്കിയത്.
'സോഷ്യല്‍ മീഡിയയില്‍ ഒക്കെ കണ്ടിട്ടുണ്ട്. ആദ്യ സീന്‍ കഴിഞ്ഞാല്‍ ഒരു ട്വീറ്റ് വരും. ഇന്‍റര്‍വെല്ലിനും സിനിമ കഴിഞ്ഞിട്ടും ട്വീറ്റ് വരും. പലതും ഫാന്‍സുമായി ബന്ധപ്പെട്ടതാണെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഉത്തരവാദിത്വം ഇല്ലായ്‌മയാണ്. സിനിമ കണ്ട ശേഷം അഭിപ്രായം പറയാം. ഞാന്‍ ഈ വര്‍ഷം മൂന്ന് സിനിമകളാണ് ചെയ്‌തത്. അതില്‍ ഒരു ഡോക്യുമെന്‍ററി ഇന്ത്യന്‍ എക്‌സ്‌പ്രസ് സ്‌ക്രീന്‍ എന്ന സിനിമ പേജിന്‍റെ എഡിറ്ററായിരുന്ന ഉദയ താര നായര്‍ എന്ന സ്‌ത്രീയെ കുറിച്ചായിരുന്നു. അവര്‍ ഒരു മലയാളിയാണ്.
നിരവധി സിനിമകള്‍ റിവ്യൂ ചെയ്‌തിട്ടുള്ള വ്യക്തിയാണ്. 'ഷോലെ' ഇറങ്ങിയപ്പോള്‍ എല്ലാവരും അതൊരു മോശം സിനിമയാണെന്ന് പറഞ്ഞു. അതൊരു കള്‍ട്ട് ക്ലാസിക് ആകുമെന്ന് പറഞ്ഞ ആളായിരുന്നു അവര്‍. സിനിമയ്‌ക്ക് ലാഗുണ്ടെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരാറുള്ളത്. ഇത്തരം കമന്‍റുകള്‍ പറയുന്നതിന് മുമ്പ് എഡിറ്റിംഗ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഡയറക്‌ടര്‍ തന്‍റെ സിനിമയ്‌ക്ക് ഒരു പേസ് തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. അതേക്കുറിച്ചും സിനിമയുടെ പ്രമേയത്തെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.
ALSO READ:കണക്‌റ്റിന്‍റെ സര്‍പ്രൈസ് നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍
ഒരു ബന്ധവുമില്ലാത്ത ചില സിനിമകളുമായി താരതമ്യം ചെയ്‌ത് സംസാരിക്കുന്നത് കാണാം. ടെക്‌നിക്കല്‍ ഏരിയകളിലെ കമന്‍റുകളെ സ്വാഗതം ചെയ്യുന്ന ആളാണ് ഞാന്‍. ഫിലിം ക്രിട്ടിസിസം വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമ നിരൂപകരുടെ റിവ്യൂ വായിക്കാന്‍ എനിക്ക് ഏറെ ഇഷ്‌ടമാണ്. റിവ്യൂ ചെയ്യുന്നവര്‍ ഇക്കാര്യം മനസ്സിലാക്കി ചെയ്യാന്‍ ശ്രമിക്കണം. അതേസമയം റിവ്യൂ ചെയ്യുന്ന മാധ്യമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. സിനിമ എന്ന മാധ്യമത്തെ മനസ്സിലാക്കിയ ശേഷം റിവ്യൂ ചെയ്യുന്നത് എല്ലാവര്‍ക്കും ഗുണമാകും. ആ രീതിയിലുള്ള ഒരു എജുക്കേഷന്‍ വളരെ പ്രധാനപ്പെട്ടതാണ്' - അഞ്ജലി മേനോൻ പറഞ്ഞു.