ഹൈദരാബാദ് :രൺബീർ കപൂറും രശ്‌മിക മന്ദാനയും ഒന്നിക്കുന്ന ചിത്രം 'ആനിമലി'ന്‍റെ പ്രീ ടീസർ പുറത്ത്. നാളെ റിലീസ് ചെയ്യാനിരിക്കുന്ന ടീസറിന് മുന്നോടിയായാണ് ആരാധകരില്‍ ആകാംക്ഷയേറ്റുന്ന പ്രീ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് ഊഹാപോഹങ്ങൾ ഉയരുന്നതിനിടെയാണ് ഇപ്പോൾ പ്രീ ടീസർ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ചിത്രം ഹൈ-ഓൺ ആക്ഷൻ ആയിരിക്കുമെന്നും അക്രമവും സംഘട്ടനങ്ങളും നിറഞ്ഞതായിരിക്കുമെന്നും ആണ് ആനിമൽ പ്രീ-ടീസർ നൽകുന്ന സൂചന. അർജുൻ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഭൂഷൺ കുമാറിന്‍റെയും കൃഷൻ കുമാറിന്‍റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഓഗസ്റ്റ് 11 ന് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.
അതേസമയം 'ആനിമല്‍' റിലീസ് മാറ്റിവയ്‌ക്കുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാർ നായകനായെത്തുന്ന 'ഒഎംജി 2' എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇത്തരം വാർത്തകൾ വന്നത്. കൂടാതെ സണ്ണി ഡിയോളിന്‍റെ 'ഗദർ 2' എന്ന ചിത്രത്തിന്‍റെ റിലീസും രൺബീർ ചിത്രത്തിന് തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാല്‍ ഇത്തരം ഊഹാപോഹങ്ങൾക്ക് കടിഞ്ഞാണിട്ട് 'ആനിമൽ' ടീം തന്നെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. സിനിമയുടെ റിലീസ് മാറ്റിവച്ചിട്ടില്ലെന്നും പ്രഖ്യാപിച്ച തീയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. 'ഒഎംജി 2', 'ഗദർ 2' എന്നിവയ്‌ക്ക് മുന്നില്‍ തലകുനിച്ച്, അവര്‍ക്ക് വഴിയൊരുക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല തങ്ങളെന്നും 'ആനിമൽ' ടീം വ്യക്തമാക്കിയിരുന്നു.
അക്ഷയ് കുമാറിന്‍റെ 'ഒഎംജി 2' ഓഗസ്‌റ്റ് 11നാണ് റിലീസ് ചെയ്യുക. ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യുന്ന രജനികാന്തിന്‍റെ 'ജയിലറെ'യും ബോക്‌സ് ഓഫിസില്‍ 'ആനിമലി'ന് നേരിടേണ്ടി വരും.