രാകേഷ് രവി രചനയും സംവിധാനവും നിർവഹിക്കുന്ന 'അന്ത്യ കുമ്പസാരം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് (Andhya Kumbasaram Movie First Look Poster Out). ഒരു വയസുള്ള കുഞ്ഞാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് എന്ന സവിശേഷതയുമായാണ് 'അന്ത്യ കുമ്പസാരം' സിനിമ എത്തുന്നത്. സിനിമയുടെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാവുകയാണ് (Andhya Kumbasaram Movie starring one year old girl as central character).
കണ്ണീരും പുഞ്ചിരിയുമായി നിൽക്കുന്ന ഒരു വയസുകാരിയായ പെൺകുഞ്ഞിന്‍റെ നിഷ്‌കളങ്കവും ഓമനത്തം തുളുമ്പുന്നതുമായ ചിത്രമുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇതൾ ശ്രീ എന്ന കുഞ്ഞാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രത്തിന് ജീവൻ പകരുന്നത്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം സാമൂഹ്യപ്രസക്തിയുള്ള കഥയാണ് പ്രമേയമാക്കുന്നതെന്നാണ് വിവരം.
സബൂർ റഹ്മാൻ ഫിലിംസിന്‍റെ ബാനറിൽ സബൂർ റഹ്മാൻ ആണ് 'അന്ത്യ കുമ്പസാരം' സിനിമയുടെ നിർമാണം. ഷോൺ സേവിയർ, വൈഷ്‌ണവി കല്യാണി, സമർത്ഥ് അംബുജാക്ഷൻ, രാകേഷ് കല്ലറ, മാഹിൻ ബക്കർ, റോഷ്‌ന രാജൻ, ജോയൽ വർഗീസ് എന്നിവർ ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
പ്രേം പൊന്നൻ ആണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. കപിൽ ഗോപാലകൃഷ്‌ണൻ എഡിറ്റിംഗും നിർവഹിക്കുന്നു. ദിൻ നാഥ് പുത്തഞ്ചേരി, ഹ്യൂമൻ സിദ്ദീഖ് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് ആനന്ദ് നമ്പ്യാർ ആണ്.