'പാ.വാ' (2016), 'എന്‍റെ മെഴുതിരി അത്താഴങ്ങൾ' (2018), 'കൃഷ്‌ണൻകുട്ടി പണി തുടങ്ങി' (2021) തുടങ്ങിയ സിനിമകൾക്ക് ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന 'വിശേഷം' എന്ന പുതിയ ചിത്രത്തിന് തുടക്കമായി (vishesham movie shooting started). കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Anand Madhusoodanan and Chinnu Chandini starrer vishesham).
'പൊടിമീശ മുളയ്‌ക്കണ കാലം' പോലുള്ള ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായ ആനന്ദ് മധുസൂദനൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് 'വിശേഷം' എത്തുന്നത്. ആനന്ദ് മധുസൂദനൻ തന്നെയാണ് കോമഡി - ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയതും. ഇതിന് പുറമെ ചിത്രത്തിന്‍റെ ഗാനരചന, സംഗീത സംവിധാനം എന്നിവ നിർവഹിക്കുന്നതും ആനന്ദ് മധുസൂദനനാണ്.
സ്റ്റെപ്പ് 2 ഫിലിംസിന്‍റെ ബാനറിൽ അനി സൂരജാണ് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'വിശേഷം' സിനിമയുടെ നിർമാണം. ആൽബർട്ട് പോളാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. 'അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര' എന്ന ടാഗ്‌ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്.