അമിത് ചക്കാലക്കൽ നായകനായി ക്രൈം ത്രില്ലർ ചിത്രം, 'അസ്‌ത്രാ' എത്തുന്നു. പുതുമുഖം സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന 'അസ്‌ത്രാ' സംവിധാനം ചെയ്യുന്നത് ആസാദ് അലവിൽ ആണ്. ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി.
വയനാടിന്‍റെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ദൃശ്യവൽക്കരിക്കുന്ന ഒരു ക്രൈം ത്രില്ലറാണ് 'അസ്‌ത്രാ'. പോറസ് സിനിമാസിന്‍റെ ബാനറിൽ പ്രേം കല്ലാട്ട് ആണ് ചിത്രം നിർമിക്കുന്നത്. മികച്ച ഒരു ത്രില്ലർ അനുഭവമാകും 'അസ്‌ത്രാ' സമ്മാനിക്കുക എന്ന് ഉറപ്പ് തരുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയ്‌ലർ. മാവോയിസ്റ്റ് ആക്രമണവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന.
കലാഭവൻ ഷാജോൺ, സുധീർ കരമന, സെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ബാലാജി ശർമ്മ, കുട്ടിയ്ക്കൽ ജയചന്ദ്രൻ, ജയരാജ് നീലേശ്വരം, നീന കുറുപ്പ്, സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, റുഷ്യന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ അമിത് എത്തുക.
ചിത്രത്തിന്‍റേതായി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്‌റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. വിനു കെ. മോഹൻ, ജിജുരാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മണി പെരുമാൾ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ അഖിലേഷ് മോഹൻ ആണ്.
മോഹൻ സിത്താരയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ബി. കെ. ഹരിനാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടേതാണ് വരികൾ. പശ്ചാത്തലസംഗീതം ഒരുക്കുന്നത് റോണി റാഫേൽ ആണ്.
ചമയം - രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രീനന്ദ് കല്ലാട്ട്, കലാസംവിധാനം - ശ്യാംജിത്ത് രവി, സംഘട്ടനം - മാഫിയ ശശി, പ്രൊജക്ട് ഡിസൈൻ - ഉണ്ണി സക്കേവൂസ്, കല - സംജിത്ത് രവി, മേക്കപ്പ് - രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം - അരുൺ മനോഹർ, സ്റ്റിൽസ് ശിബി ശിവദാസ്, നൃത്തം - ശാന്തി, ആക്ഷൻ മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മനോഹർ, ലൊക്കേഷൻ മാനേജർ - സുജിത് ബത്തേരി, ലൈൻ പ്രൊഡ്യൂസർ, വിതരണം - സാഗാ ഇന്‍റർനാഷണൽ, പരസ്യകല - ആന്‍റണി സ്റ്റീഫൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
'ആര്‍ഡിഎക്‌സ് വരുന്നു:മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന ചിത്രമായി 'ആര്‍ഡിഎക്‌സ്' വരുന്നു. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ഒരു ഫാമിലി ആക്ഷന്‍ ചിത്രമാണ് ആര്‍ഡിഎക്‌സ്. സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. മിന്നല്‍ മുരളി, ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ സിനിമ ലോകത്ത് സംഭാവന ചെയ്‌ത്ട്ടുള്ള ബാനറാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്.
കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രം ഓഗസ്റ്റ് 25 ന് ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തും.
ബാബു ആന്‍റണി, ലാൽ, ഐമ റോസ്‌മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് 'ആര്‍ഡിഎക്‌സ് എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
READ MORE:RDX Motion Poster | ഫാമിലി ആക്ഷന്‍ പവർപാക്ക് 'ആര്‍ഡിഎക്‌സ്' വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്