മുംബൈ:ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്‌തതിന് ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശർമയ്‌ക്കും അമിതാഭ് ബച്ചനും പിടിവീണു. ഷൂട്ടിങ് സെറ്റിൽ വേഗത്തിൽ എത്താനായി മുംബൈയിലെ തിരക്കേറിയ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്‌ത താരങ്ങൾക്കെതിരെ മുംബൈ പൊലീസ് പിഴ ചുമത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അനുഷ്‌ക ശര്‍മയുടെ ബോഡിഗാര്‍ഡിനും ബിഗ് ബിക്ക് ലിഫ്‌റ്റ് നൽകിയ ആൾക്കും പിഴയിട്ടതായാണ് റിപ്പോർട്ട്.
മുംബൈയിലൂടെ ബൈക്കിന് പിന്നിലിരുന്നുള്ള അനുഷ്‌ക ശര്‍മയുടെ യാത്ര കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നാലെ ഹെൽമെറ്റ് ധരിക്കാതെ, നിയമ ലംഘനം നടത്തിയതിന് അനുഷ്‌കയുടെ ബോഡിഗാര്‍ഡിന് പൊലീസ് പിഴ ചുമത്തുകയായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതിന്‍റെ പേരില്‍ ബോഡിഗാര്‍ഡിന് മുംബൈ ട്രാഫിക് പൊലീസ് 10,500 രൂപ പിഴയിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ചലാൻ സെക്ഷൻ 129/194(ഡി), സെക്ഷൻ 5/180 & സെക്ഷൻ 3(1)181 എംവി ആക്‌ട് എന്നിവ പ്രകാരമാണ് നടപടി. പിഴ തുക അടച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനുഷ്‌ക ശര്‍മയെ കൂടാതെ അമിതാഭ് ബച്ചൻ ഹെൽമെറ്റ് ധരിക്കാതെ നടത്തിയ ബൈക്ക് യാത്രയും ഏറെ വിവാദമായിരുന്നു.
ALSO READ:ബൈക്ക് യാത്രയിൽ 'കുടുങ്ങി' ബിഗ് ബിയും അനുഷ്‌ക ശർമയും ; നടപടിക്കൊരുങ്ങി മുംബൈ പൊലീസ്
എന്നാല്‍ താന്‍ നിയമം ലംഘിച്ചില്ല എന്നായിരുന്നു ബച്ചൻ്റെ വാദം. ഷൂട്ടിങ്ങിന്‍റെ ഭാഗമായിരുന്നു യാത്രയെന്നും ഇതിനായി നേരത്തെ അനുവാദം വാങ്ങിയിരുന്നു എന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ താരങ്ങളുടെ നിയമ ലംഘനം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചതോടെയാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.