അമിത് ചക്കാലക്കൽ (Amit Chakkalackal) നായകനാകുന്ന ചിത്രം 'പ്രാവി'ന്‍റെ (Praavu) ടീസർ പുറത്ത്. നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ രസകരമായ ടീസർ മികച്ച പ്രതികരണമാണ് നേടുന്നത് (Amit Chakkalackal starring Praavu Teaser). പത്മരാജന്‍റെ ചെറുകഥയെ ആസ്‌പദമാക്കിയാണ് നവാസ് അലി 'പ്രാവ്' ഒരുക്കുന്നത്.
സി. ഇ. ടി സിനിമാസിന്‍റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. സാബുമോൻ അബ്‌ദുസമദ്, കെ. യു. മനോജ് , ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'പ്രാവ്' സെപ്റ്റംബർ 15 ന് തിയേറ്ററുകളിലേക്കെത്തും. വേഫാറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്‌റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്‌തത് (Praavu First look poster).
ആന്‍റണി ജോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ജോവിൻ ജോൺ ആണ്. ബി. കെ. ഹരിനാരായണന്‍റെ വരികൾക്ക് ബിജിപാൽ സംഗീതം പകരുന്നു. എസ് മഞ്ജുമോളാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.