മുംബൈ:താരജോഡികളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വേർപിരിഞ്ഞതായുള്ള വാർത്തകളാണിപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നത് താരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുപറഞ്ഞിട്ടില്ല. ഇതിനിടയിലാണ് വേർപിരിഞ്ഞതായുള്ള അഭ്യൂഹങ്ങളും ഉയരുന്നത്.
എന്നാൽ വാർത്തകൾക്ക് പിന്നാലെ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളാണ് ആരാധകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്. ബോഗൻവില്ലകൾക്കിടയിൽ നിൽക്കുന്ന മനോഹര ചിത്രമാണ് കിയാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നാലെ അടുത്തിടെ തുർക്കിയിലെ യാത്രയ്ക്കിടെ പകർത്തിയ തന്‍റെ ചിത്രം സിദ്ധാർഥും പോസ്റ്റ് ചെയ്‌തു.
'സൂര്യപ്രകാശമില്ലാത്ത ഒരു ദിവസം രാത്രി പോലെയാണ്' എന്ന സ്റ്റീവ് മാർട്ടിന്‍റെ വാക്കുകളാണ് സിദ്ധാർഥ് ചിത്രത്തിന് താഴെ കുറിച്ചത്. അതേസമയം പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്ന മനോഹരചിത്രം പങ്കുവച്ച കിയാരയുടെ അടിക്കുറിപ്പും നിഗൂഢത നിറഞ്ഞതായിരുന്നു.