ഒരിടവേളയ്ക്ക് ശേഷം 'ടീച്ചര്‍' എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രം ചെയ്‌ത് മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി അമല പോള്‍. ഇന്നാണ് അമലയുടെ 'ടീച്ചര്‍' തിയേറ്ററുകളിലെത്തിയത്. 'ടീച്ചര്‍' റിലീസിനിടെ അമലയ്‌ക്ക് വിമാനത്തില്‍ വച്ചുണ്ടായ ഒരു അനുഭവമാണ് മാധ്യമശ്രദ്ധ നേടുന്നത്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. 'ഫ്ലൈറ്റില്‍ ഇങ്ങോട്ട് വരുമ്പോള്‍ പിന്നിലെ സീറ്റില്‍ നിന്നും ഒരാള്‍ പെട്ടെന്ന് എന്‍റെ മുന്നില്‍ വന്ന് അമല പോള്‍ അല്ലേ എന്ന് ചോദിച്ചു. ഞാന്‍ ഒന്ന് ഞെട്ടി. 30ലേക്ക് അടുത്തു കൊണ്ടിരിക്കുന്ന പ്രായക്കാരന്‍ ആയിരുന്നു.
അയാളൊരു പേപ്പര്‍ നല്‍കി. 'ആര്‍ യു അമല പോള്‍' എന്ന് അതില്‍ എഴുതിയിരുന്നു. അതേ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത് വായിക്കണം. സ്വകാര്യമാണെന്ന് പറഞ്ഞ് ആ കത്ത് തന്നു. അങ്ങനെയൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാനത് വായിച്ചു. അതില്‍ എഴുതിയിരുന്നത്, പുള്ളിക്കാരന്‍ കോളജില്‍ പഠിക്കുന്ന സമയത്ത് എന്നെ കുറിച്ചൊരു റൂമര്‍ വന്നിരുന്നു.
അത് പുള്ളി പ്രചരിപ്പിച്ചുവെന്നും അതില്‍ വലിയ വിഷമമുണ്ടെന്നും അതിനാല്‍ ദയവ് ചെയ്‌ത് ക്ഷമിക്കണം എന്നുമായിരുന്നു. തന്‍റെ വിശ്വാസ പ്രകാരം മാപ്പ് കൊടുത്താല്‍ മാത്രമെ അയാള്‍ക്ക് മുക്തി ലഭിക്കുകയുള്ളു എന്നായിരുന്നു. എന്ന് നിങ്ങളുടെ സഹോദരന്‍ എന്നും 'ടീച്ചറി'ന് ആശംസകള്‍ എന്നും എഴുതിയിരുന്നു. അതും തന്ന് അയാള്‍ പോയി. പിന്നെ ആളെ കണ്ടില്ല'-അമല പറഞ്ഞു.