പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥനയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമയെ കൊല്ലുന്ന ഗുരുതരമായ വിഷയം പരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ് സംവിധായകന്‍. ഫേസ്‌ബുക്കിലൂടെയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍റെ പ്രതികരണം. സിനിമയ്ക്ക് റിസര്‍വ് ബാങ്ക് വായ്‌പ നല്‍കാത്തതിനാല്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാന്‍ അവകാശമില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
'സിനിമ നിര്‍മിക്കാന്‍ റിസര്‍വ് ബാങ്ക് വായ്‌പ നല്‍കാത്തതിനാല്‍ എല്ലാ റിസര്‍വ് ബാങ്ക് അംഗങ്ങളോടും ജീവനക്കാരോടും സിനിമ കാണുന്നത് നിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ക്ക് ഒരു സിനിമ കാണാനും അവകാശമില്ല. ഈ തീരുമാനത്തിന്‍റെ ചുമതലയുള്ള മന്ത്രിക്കോ വ്യക്തിക്കോ ഒന്നും സിനിമ കാണാന്‍ അവകാശമില്ല.
പശുവിന്‍റെ വായ അടച്ചു വച്ചതിന് ശേഷം പാല്‍ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു' -അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.
അതേസമയം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഗോള്‍ഡ് ആയിരുന്നു അല്‍ഫോണ്‍സ് പുത്രന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഗോള്‍ഡിന് ശേഷമുള്ള അല്‍ഫോണ്‍സ് പുത്രന്‍റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവില്‍ പുതിയ തമിഴ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം. റൊമാന്‍റിക് ഴോണറില്‍ ഉള്ള ചിത്രം ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ 'ഗോള്‍ഡി'ലൂടെ വീണ്ടും സംവിധാന രംഗത്തെത്തുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ 'പ്രേമ'മായിരുന്നു 'ഗോള്‍ഡി'ന് മുമ്പ് അല്‍ഫോണ്‍സ് പുത്രന്‍റേതായി റിലീസിനെത്തിയ ചിത്രം. പ്രേമത്തിന് ശേഷമുള്ള അല്‍ഫോണ്‍സ് പുത്രന്‍റെ സിനിമയെ കുറിച്ച് വാനോളമായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാല്‍ നിരാശയായിരുന്നു ഫലം. വലിയ ഹൈപ്പുകളോടെ റിലീസിനെത്തിയ ഗോള്‍ഡിന് പ്രേക്ഷക പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയരാന്‍ കഴിഞ്ഞില്ല.