പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകൻ അൽഫോൺസ് പുത്രൻ (Alphonse Puthren) പുതിയ സിനിമയുമായി എത്തുന്നു. ഇത്തവണ തമിഴ് ചിത്രവുമായാണ് അൽഫോൺസ് എത്തുന്നത്. 'ഗിഫ്റ്റ്' (Gift) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം സംവിധായകൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്.
സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവയും നിർവഹിക്കുന്നത് അൽഫോൺസ് പുത്രൻ തന്നെയാണ്. 'ഇസൈ ജ്ഞാനി' ഇളയരാജയാണ് 'ഗിഫ്റ്റി'ലെ ഗാനങ്ങൾക്ക് ഈണമൊരുക്കുന്നത് എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. ഏഴ് പാട്ടുകൾ ചിത്രത്തിലുണ്ടാകും. ഗാന രചയിതാവും ഇളയരാജ തന്നെയാണ്. കൂടാതെ അദ്ദേഹം ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുമുണ്ട്.
'ഗിഫ്റ്റി'ന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും അൽഫോൺസ് പുത്രൻ പങ്കുവച്ച പോസ്റ്ററില്‍ പറയുന്നു. സാൻഡി, കോവെെ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നീ താരങ്ങൾ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
എന്നാൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ ആരൊക്കെയാണെന്നോ കഥാ പശ്ചാത്തലം എന്താണെന്നോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റോമിയോ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് രാഹുലാണ്.
അതേസമയം 'ഗോൾഡ്' ആണ് ഒടുവിലായി പുറത്തിറങ്ങിയ അൽഫോൺസ് ചിത്രം. പൃഥ്വിരാജും നയൻതാരയും ഒന്നിച്ച സിനിമയില്‍ ബാബുരാജ്, ലാലു അലക്സ്, ചെമ്പൻ വിനോദ്, അജ്മൽ അമീർ, ശബരീഷ് വർമ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമിച്ചത്.