ഒരു ഇടവേളയ്‌ക്ക് ശേഷമുള്ള അല്‍ഫോണ്‍സ് പുത്രന്‍റെ ചിത്രം 'ഗോള്‍ഡ്' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പൃഥ്വിരാജിന്‍റെ അഭിനയത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ക്ക്. ആദ്യ പകുതി നന്നായെന്നും, സിനിമയുടെ കാസ്‌റ്റിംഗ്, ഛായാഗ്രഹണം എന്നിവ നന്നായെന്നുമെന്നാണ് പ്രേക്ഷക പ്രതികരണം. ഈ സാഹചര്യത്തില്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്‍റെ മുന്‍ ചിത്രങ്ങളെ പോലെ 'ഗോള്‍ഡി'നും കുറവുകള്‍ ഉണ്ടെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.
'നേരവും പ്രേമവും പോലെ തന്നെ ഗോള്‍ഡിനും കുറവുകളുണ്ട്. അതുകൊണ്ട് മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്. ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഒഴിവ് സമയം ലഭിക്കുമ്പോള്‍ ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും എന്നോട് നിങ്ങളുടെ അഭിപ്രായം തുറന്ന് പറയണേ. ഫസ്‌റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞ് കുളമാക്കുന്നില്ല. എന്‍റെ ഭാഗത്ത് നിന്നുണ്ടായ കാലതാമസത്തിന് മാപ്പ് ചോദിക്കുന്നു. ബാക്കി നിങ്ങള്‍ കണ്ടിട്ട് പറ' - അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.