പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്‍റെ പുഷ്‌പ ദി റൂൾ. 2023ല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രതീക്ഷയുളള ചിത്രങ്ങളിൽ ഒന്നു കൂടിയാണിത്. സിനിമയുടെ ഷൂട്ടിങ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബെംഗളൂരുവിൽ പുനരാരംഭിക്കും.
രണ്ട് മാസം മുമ്പാണ് സംവിധായകൻ സുകുമാർ പുഷ്‌പ ദി റൂളിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം തുടങ്ങി രണ്ട് മാസങ്ങള്‍ക്ക് ശേഷം ബെംഗളൂരുവില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും ബെംഗളൂരുവിൽ നടക്കുന്ന ചിത്രീകരണത്തിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
സിനിമയുടെ ഷൂട്ടിങ്ങിനായി ഫഹദ് ബെംഗളൂരുവിൽ എത്തിയെന്നാണ് സൂചന. ഇരു താരങ്ങളും ഒന്നിച്ചുള്ള പ്രധാന സീനുകളാണ് ബെംഗളൂരു ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുഷ്‌പരാജായി അല്ലു അര്‍ജുന്‍ എത്തിയപ്പോള്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫിസറുടെ വേഷത്തിലാണ് ആദ്യ ഭാഗത്തില്‍ ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെട്ടത്.
അടുത്തിടെ അല്ലു അർജുൻ, ഭാര്യ സ്നേഹയ്ക്കും, മക്കളായ അല്ലു അയാനയ്‌ക്കും അല്ലു അർഹയ്ക്കും ഒപ്പം രാജസ്ഥാനില്‍ അവധിക്കാലം ആഘോഷിക്കാനായി പോയിരുന്നു. രാജസ്ഥാനിലെ അവധി ആഘോഷത്തിനൊടുവില്‍ പുഷ്‌പ 2വിന്‍റെ ഷൂട്ടിംഗിന് ഒരുങ്ങുകയാണിപ്പോള്‍ താരം. അതേസമയം ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പുഷ്‌പ രണ്ടാം ഭാഗത്തില്‍ സായ് പല്ലവിയും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. സിനിമയ്‌ക്കായി 10 ദിവസത്തെ ചിത്രീകരണത്തിന് താരം അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു അതിഥി വേഷത്തിലാണ് പുഷ്‌പ ദി റൂളില്‍ സായ് പല്ലവി എത്തുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ ഒരു ആദിവാസി പെണ്‍കുട്ടിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്.
'പുഷ്‌പ ദി റൂളി'ന്‍റെ ടീസര്‍ ഉടന്‍ റിലീസ് ചെയ്യും. ഏപ്രില്‍ എട്ടിന് അല്ലു അര്‍ജുന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുഷ്‌പ ദി റൂളിന്‍റെ ടീസര്‍ ലോഞ്ച്. 'പുഷ്‌പ 2'ന്‍റെ പ്രീ റിലീസുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എല്ലാ ഭാഷകളിലുമായി 1,000 കോടി രൂപയുടെ തിയേറ്റര്‍ റൈറ്റ്‌സാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തിയേറ്റര്‍ അവകാശ ഡീലിനായി നിര്‍മാതാക്കള്‍ 1,000 കോടി രൂപയോ അതില്‍ കൂടുതലോ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.
'പുഷ്‌പ ദി റൈസി'ന് ശേഷമാണ് അല്ലു അര്‍ജുന്‍ ഒരു പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്നത്. സുകുമാർ സംവിധായകനായ പുഷ്‌പ സീരീസ് മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
പുഷ്‌പ ദി റൈസിലേത് പോലെ അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവരാണ് പുഷ്‌പ ദി റൂളിലും പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. പുഷ്‌പ ദി റൈസില്‍ ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ, റാവു രമേഷ്, ധനഞ്ജയ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Also Read:അല്ലു അര്‍ജുനൊപ്പം പുഷ്‌പ 2വില്‍ സായി പല്ലവിയും; പ്രീ റിലീസ് ബിസിനസിലൂടെ ചിത്രത്തിന് 1000 കോടി?