Alia pregnancy: 'ഞാന്‍ ഒരു സ്‌ത്രീയാണ്, പാര്‍സല്‍ അല്ല' -ആലിയ ഭട്ടിന്‍റെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. തങ്ങള്‍ മാതാപിതാക്കള്‍ ആകാനൊരുങ്ങുന്ന വാര്‍ത്ത തിങ്കളാഴ്‌ചയാണ് ആലിയയും രണ്‍ബീറും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ സഹപ്രവര്‍ത്തകരടക്കം നിരവധി പേര്‍ താര ദമ്പതികള്‍ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു.
Alia Ranbir waiting for first child: ഗര്‍ഭിണിയായതിനാല്‍ നിലവില്‍ കരാറിലേര്‍പ്പെട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആലിയ വിശ്രമത്തിലേക്ക് കടക്കുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വിവാഹ ശേഷം തന്‍റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണി'ന്‍റെ ചിത്രീകരണത്തിനായി ആലിയ ലണ്ടനിലേക്ക് പോയിരുന്നു. ഇതിനിടെയാണ് അമ്മയാകാന്‍ പോകുന്ന വിവരം ആലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
Ranbir bring back Alia after Hollywood shoot: തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം രണ്‍ബീര്‍ ആലിയയെ ലണ്ടനില്‍ നിന്നും കൂട്ടിക്കൊണ്ട് വരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ വാര്‍ത്തയില്‍ പ്രതികരിച്ച് ആലിയ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ആലിയ ഇതിന് ചുട്ട മറുപടി നല്‍കിയിരിക്കുന്നത്.
Alia slams reports of pregnancy: ഇത് 2022 ആണെന്നും ഈ പുരാതന ചിന്താഗതിയില്‍ നിന്ന് പുറത്തു കടക്കാമോ എന്നുമാണ് ആലിയ പറയുന്നത്. തന്‍റെ ജോലിയെ ബാധിക്കാത്ത തരത്തിലാണ് താന്‍ ഗര്‍ഭം ആസൂത്രണം ചെയ്‌തതെന്ന് റിപ്പോര്‍ട്ട് ചെയ്‌ത ന്യൂസ് പോര്‍ട്ടലിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് താരം കുറിപ്പ് പങ്കുവച്ചത്. ഭര്‍ത്താവ് തന്നെ പിക്കപ്പ് ചെയ്യേണ്ടതുണ്ടെന്ന വാര്‍ത്തയിലെ വാക്കാണ് ആലിയയെ ചൊടിപ്പിച്ചത്.