ഹൈദരാബാദ്: അഭിനേത്രി, നിര്‍മാതാവ്, സംരംഭക എന്നിവയ്‌ക്ക് പുറമെ അമ്മ എന്ന വലിയ ഉത്തരവാദിത്തവും ഒരേപോലെ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ബോളിവുഡ് സൂപ്പര്‍താരം ആലിയ ഭട്ട്. മാതൃത്വം അനായാസം കൈകാര്യം ചെയ്യുന്നതില്‍ ആലിയ ഏവരുടെയും റോള്‍മോഡലായിരിക്കുകയാണ്. അമ്മ എന്ന നിലയില്‍ സ്വാഭാവികമായും ദിനംപ്രതി അനുകൂലവും പ്രതികൂലവുമായ ദിവസങ്ങളിലൂടെയാണ് ആലിയ കടന്നുപോകുന്നത്.
എന്നാല്‍, കുട്ടിയെ പരിചരിക്കുന്നതില്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ രൺബീർ കപൂർ എത്രമാത്രം മികച്ചതാണെന്ന് ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നു. അടുത്തിടെയായി ഒരു ഫാഷന്‍ മാഗസിനില്‍ എങ്ങനെയാണ് തന്‍റെ ജോലിയും മാതൃത്വവും ഒരേപോലെ കൈകാര്യം ചെയ്യുന്നതെന്ന് ആലിയ പറഞ്ഞിരുന്നു. ജോലിയില്‍ എത്രമാത്രം സംതൃപ്‌തി ലഭിച്ചാലും ഒരമ്മ എന്ന നിലയില്‍ കിട്ടുന്ന സന്തോഷത്തിന് അതിരുകളില്ലെന്ന് ആലിയ പറയുന്നു.
രണ്‍ബീര്‍ എന്ന അച്ഛന്‍: ഒരമ്മ എന്ന നിലയില്‍ തനിക്ക് ഉണ്ടാവാറുള്ള ഭയങ്ങളെ സംബന്ധിച്ച് തനിക്ക് ഒരു ചികിത്സ ആവശ്യമാണെന്ന് ആലിയ വ്യക്തമാക്കുന്നു. എന്നാല്‍, തനിക്ക് ഉണ്ടാകാറുള്ള ഭയങ്ങള്‍ക്ക് ഏറെ ആശ്വാസമാണ് ഒരച്ഛന്‍ എന്ന നിലയില്‍ രണ്‍ബീറിന്‍റെ പ്രവര്‍ത്തി. മകള്‍ രാഹയോടൊപ്പം സമയം ചിലവഴിക്കുന്ന രണ്‍ബീര്‍ മറ്റുള്ള അച്ഛന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്‌തനാണ്.
'തണുത്ത കാറ്റില്‍ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ മകള്‍ക്കൊപ്പം ജനാലയ്‌ക്കരികിലിരിക്കാന്‍ രണ്‍ബീറിന് ഇഷ്‌ടമാണ്. കൂടാതെ, അധിക സമയവും മകള്‍ പുറത്തുള്ള വലിയ പച്ചമരത്തില്‍ ശ്രദ്ധാപൂര്‍വം നോക്കിയിരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. രണ്‍ബീറിനെ സംബന്ധിച്ച് ഈ ഭൂമിയിലെ ദേവതയാണ് അവള്‍'- ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.