ഹൈദരാബാദ് : ബോളിവുഡ് താരങ്ങളായ രൺബീർ കപൂര്‍, ആലിയ ഭട്ട് എന്നിവരുടെ വിവാഹം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആഘോഷങ്ങള്‍ക്ക് താത്‌ക്കാലിക വിരാമം നല്‍കി 17-ാം തിയതി റണ്‍ബീര്‍ സിനിമ തിരക്കിലേക്ക് മടങ്ങിയിരുന്നു. റണ്‍ബീറിന് പിന്നാലെ ജോലിയില്‍ തിരികെ പ്രവേശിച്ചിരിക്കുകയാണ് ആലിയയും.
വിവാഹാഘോഷത്തിന് താത്‌ക്കാലിക വിരാമം ; റണ്‍ബീറിന് പിന്നാലെ ആലിയയും സിനിമാ തിരക്കുകളിലേക്ക് - റണ്‍ബീറിന് പിന്നാലെ ആലിയയും സിനിമാതിരക്കുകളിലേക്ക്
കരണ്‍ ജോഹര്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ജയ്‌സാൽമീറിലേക്ക് പോവാനാണ് താരം ചൊവ്വാഴ്‌ച രാവിലെ കലിംഗ വിമാനത്താവളത്തിലെത്തിയത്
ചൊവ്വാഴ്‌ച രാവിലെ കലിംഗ വിമാനത്താവളത്തിൽ എത്തിയ താരത്തെ ആരാധകര്‍ വരവേറ്റു. പിങ്ക് നിറത്തിലുള്ള ചുരിദാര്‍ ധരിച്ചെത്തിയ ആലിയ പതിവിലും സുന്ദരിയായി കാണപ്പെട്ടു. കരൺ ജോഹറിന്‍റെ 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനായി താരം ജയ്‌സാൽമീറിലേക്ക് പോകാനാണ് ഇവിടെയെത്തിയത്.
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ഏപ്രിൽ 14നാണ് ആലിയയും രൺബീറും വിവാഹിതരായത്. വരാനിരിക്കുന്ന ചിത്രമായ 'ബ്രഹ്മാസ്ത്ര'യുടെ സെറ്റിലാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. തീര്‍ത്തും സ്വകാര്യമായ ചടങ്ങില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്.