കഴിഞ്ഞ ആറ് മാസം കൊണ്ട് ഒരു ദശാബ്‌ദം ജീവിച്ചത് പോലെ തോന്നുന്നുവെന്ന് ആലിയ ഭട്ട്. ഈ ആറ് മാസത്തിനുള്ളിൽ തന്‍റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം. ആലിയയെ സംബന്ധിച്ച് 2022 ഒരു റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നു.
സഞ്‌ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്തിയവാഡി എന്ന ബ്ലോക്ക്‌ബസ്റ്ററിലൂടെയാണ് ആലിയയുടെ ഈ വർഷം ആരംഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് നടിക്ക് ലഭിച്ചത്. തുടർന്ന് ഏപ്രിലിൽ ബോളിവുഡ് താരവും തന്‍റെ കാമുകനുമായിരുന്ന രൺബീർ കപൂറുമായി ആലിയ വിവാഹിതയായി.
ഗാൽ ഗഡോട്ടിനൊപ്പമുള്ള തന്‍റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്‍റെ ചിത്രീകരണത്തിനായി താരം യുകെയിലേക്ക് പോയി. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുൻപ് ആലിയ ഭട്ടിനും രൺബീറിനും കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വാർത്ത താരം പങ്കുവച്ചു. തന്‍റെ കന്നി നിർമാണ സംരംഭമായ ഡാർലിങ്‌സിന്‍റെ പ്രമോഷൻ തിരക്കുകളിലാണ് ആലിയ ഇപ്പോൾ.
ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളായ സംഭവങ്ങളെ പ്രോസസ് ചെയ്യാൻ പോലും തനിക്ക് സമയമില്ലെന്ന് ആലിയ പറയുന്നു. തന്‍റെ ജീവിതത്തിലെ നിലവിലെ ഘട്ടം വിവരിക്കാനുള്ള വാക്ക് 'മനോഹരമായി അലങ്കോലപ്പെട്ടത്' എന്നതാണെന്നും താരം പറയുന്നു.