മുംബൈ:റിലീസിനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ'. ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ഒക്ടോബർ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'അക്ഷയ് കുമാർ: 'ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ' റിലീസ് തിയതി ലോക്ക് ചെയ്തു...' തരൺ ആദർശ് കുറിച്ചു.
വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, അജയ് കപൂർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പരിനീതി ചോപ്രയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2019 ൽ പുറത്തിറങ്ങിയ 'കേസരി'ക്ക് ശേഷം അക്ഷയ് കുമാറും പരിനീതി ചോപ്രയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ'. പ്രഖ്യാപനം മുതൽ തന്നെ അക്ഷയ് കുമാർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, തുടർ പരാജയങ്ങളില്‍ ഉഴറുന്ന താരത്തിന് ശക്തമായ തിരിച്ചുവരവിന് വഴി ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൈനിങ് എഞ്ചിനിയറായ, അന്തരിച്ച ജസ്വന്ത് സിങ് ഗില്ലിന്റെ യഥാർഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ'. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ആളാണ് ജസ്വന്ത് സിങ് ഗില്‍. 1989 ൽ പശ്ചിമ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടായ ക്വാറിയിൽ നിന്ന് 64 ഖനിത്തൊഴിലാളികളെ അദ്ദേഹം രക്ഷപ്പെടുത്തിയിരുന്നു. ധീരതയ്ക്കുള്ള നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്ന അദ്ദേഹം 2019 ൽ തന്റെ 80-ാം വയസിലാണ് ലോകത്തോട് വിടപറഞ്ഞത്.