കേരളം

kerala

ETV Bharat / entertainment

Aluva Murder| 'ഇവനെ പോലുള്ളവരെ ശിക്ഷിച്ചാലും ഇത്തരം സൈക്കോകൾ അടങ്ങില്ല'; പ്രതികരിച്ച് അഖില്‍ മാരാര്‍ - Aluva girl death

തനിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്ന് അഖില്‍ മാരാര്‍. എന്നാല്‍ ഒരു വിഷയം കാണാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും, എന്നാല്‍ എത്രയൊക്കെ കാണാതിരിക്കാൻ ശ്രമിച്ചാലും ദൈവം നമുക്ക് മുന്നിൽ കാണിച്ചു തരുന്ന ചില വിഷയങ്ങളുണ്ടെന്നും അഖില്‍ പറഞ്ഞു.

പ്രതികരിച്ച് അഖില്‍ മാരാര്‍  അഖില്‍ മാരാര്‍  Akhil Marar reacts to Aluva  Akhil Marar reacts  Akhil Marar  Aluva five year old girl death  girl death  കൊല്ലപ്പെട്ട അഞ്ച് വയസുകാരി  അഞ്ച് വയസുകാരി  Aluva incident  Aluva girl death
'ഇവനെ പോലുള്ളവരെ ശിക്ഷിച്ചാലും ഇത്തരം സൈക്കോകൾ അടങ്ങില്ല'; പ്രതികരിച്ച് അഖില്‍ മാരാര്‍

By

Published : Jul 30, 2023, 3:56 PM IST

ആലുവയില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വാര്‍ത്ത ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ശക്‌തമാകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അഖില്‍ മാരാരും രംഗത്തെത്തിയിരിക്കുകയാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് നീതി നേടിക്കൊടുക്കുക അല്ല വേണ്ടതെന്നും ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള കാര്യങ്ങളിലേക്കാണ് നീങ്ങേണ്ടതെന്നും അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു അഖിലിന്‍റെ പ്രതികരണം.

'സാധാരണ ലൈവ് സംസാരിച്ച്‌ തുടങ്ങുമ്പോള്‍ ചിരിച്ച് കൊണ്ടാണ് ഞാന്‍ സംസാരിച്ച് തുടങ്ങുന്നത്. പക്ഷേ ഇവിടെ എനിക്ക് ചിരിക്കാനൊന്നും പറ്റുന്നില്ല. വല്ലാത്തൊരു മാനസിക വിഷമത്തോടു കൂടിയാണ് ഞാന്‍ ഈ ലൈവ് ഇടുന്നത്. കഴിഞ്ഞ ഒന്ന് ഒന്നര വർഷമായി പല വാർത്തകളിൽ നിന്നും ഒളിച്ചോടാൻ ആ​ഗ്രഹിച്ച ആളാണ് ഞാൻ.

ഈ നാട്ടിൽ എത്ര പ്രതിഷേധിച്ചിട്ടും എത്ര പ്രതികരിച്ചിട്ടും ഒരു കാര്യവും ഇല്ലെന്ന് കരുതി ഈ വാർത്തകളിൽ നിന്നും ഒളിച്ചോടാൻ ഒരു സമയത്ത് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആരും സപ്പോർട്ട് ചെയ്യാൻ ഒരുകാലത്തും ഉണ്ടായിരുന്നില്ല. ഒരുപാട് ശരികൾക്ക് വേണ്ടി ഒരുപാട് സംസാരിച്ചിട്ടുണ്ട്. കൂടി നിന്ന് ആ​ക്രമിക്കാനേ എല്ലാവരും ശ്രമിച്ചിട്ടുള്ളൂ.

ഈ നാടിനെ നന്നാക്കാന്‍ ഒരാൾ വിചാരിച്ചാലൊന്നും നടക്കില്ലെന്ന് എനിക്ക് ഇടയ്‌ക്ക് തോന്നിയിട്ടുണ്ട്.. എന്‍റെ പ്രതിഷേധങ്ങൾ ഉള്ളിലൊതുക്കി കൊണ്ട്, അല്ലെങ്കില്‍ പ്രശ്‌നങ്ങൾ കണ്ടുകഴിഞ്ഞാൽ പ്രതികരിക്കേണ്ടെന്ന് കരുതി ഒരു വിഷയം കാണാതെ ഇരുന്നിട്ടുണ്ട്. കാരണം എനിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ല. പക്ഷേ ഒരു വിഷയം കാണാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ എത്രയൊക്കെ കാണാതിരിക്കാൻ ശ്രമിച്ചാലും ദൈവം നമുക്ക് മുന്നിൽ കാണിച്ചു തരുന്ന ചില വിഷയങ്ങളുണ്ട്.

പ്രബുദ്ധമാണെന്ന് നമ്മൾ അഭിമാനിച്ച അഹങ്കരിച്ച കേരളത്തിൽ ഒരു പെണ്‍കുട്ടി... ഒരു കുഞ്ഞ്.. എന്താണ് ഇതിനൊക്കെ നമ്മൾ പറയേണ്ടത്. ആരാണ് നമ്മളെ സംരക്ഷിക്കേണ്ടത്? ഒരു കുഞ്ഞിന്‍റെ മരണത്തിൽ എന്ത് ന്യായീകരണമാണ് സർക്കാരും ഉദ്യോ​ഗസ്ഥരും നൽകേണ്ടത്. ഓരോ പെൺമക്കൾ ജനിക്കുമ്പോഴും, പെൺമക്കളുള്ള രക്ഷാകർത്താക്കൾക്കും സർക്കാർ ഒരു തോക്ക് കൂടി അനുവദിക്കണം.

നിങ്ങൾ ആരും ആരെയും സംരക്ഷിക്കേണ്ട. നിങ്ങള്‍ ചോദിച്ചാല്‍ പറയുന്നത്, 'ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും. ഒരു പെൺകുട്ടി റോഡിലൂടെ നടന്ന് പോയാൽ പൊലീസിന് കൂടെ നടക്കാൻ പറ്റുമോ. പ്രദേശത്ത് സിസിടിവി ക്യാമറ ഇല്ലായിരുന്നു. ഞങ്ങളുടെ കുഴപ്പമാണോ എന്നൊക്കെയാണ്. ന്യായീകരണങ്ങൾ നിരവധി നിരത്തിയിട്ട് ഒന്നും ഒരു കാര്യവും ഇല്ല.

ഇത് ആവർത്തിക്കാതെ ഇരിക്കണമെങ്കിൽ, ചെയ്യേണ്ട കാര്യങ്ങൾ കൃത്യസമയത്ത് തന്നെ ചെയ്യണം. ഇവിടെ പലരും മാനസികമായി ചിന്തിക്കും. മലയാളി പെൺകുട്ടി അല്ലല്ലോ എന്ന്. നമ്മൾ എന്തിനാ പ്രതിഷേധിക്കുന്നതെന്ന്. ഇതുവല്ല ഉത്തർപ്ര​ദേശിലോ ബീഹാറിലോ മധ്യപ്രദേശിലോ മറ്റേതെങ്കിലും ഒരു സ്ഥലത്തോ ആയിരുന്നെങ്കിൽ ഇവിടുത്തെ സാംസ്‌കാരിക പുരോ​ഗമന വാദികൾ മുഴുവനും ഇറങ്ങിയേനെ റോഡ് മുഴുവന്‍. ഇവിടെ ആരും ഇറങ്ങില്ല. കാരണം മരിച്ചത് ഒരു മലയാളി പെൺകുട്ടി അല്ലല്ലോ.

എവിടെയോ ആയിക്കോട്ടെ. ഇത് നിങ്ങളുടെ കുഞ്ഞാണെന്ന് ചിന്തിക്കൂ. നഷ്‌ടപ്പെട്ടത് വൈകുന്നേരം സ്‌കൂളിൽ പോയി തിരിച്ചു വന്ന നിങ്ങളുടെ കുട്ടിയാണെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ. സ്‌കൂളില്‍ നിന്നും വരുന്ന കുട്ടിയെ കാണാൻ ഇല്ലെന്ന് നിങ്ങൾ ഒരു നിമിഷം ചിന്തിച്ച് നോക്കൂ. അവളെ കാണാതെ, അറിയാതെ ഇരിക്കുന്ന നിമിഷത്തെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ.

ഇവനെ പോലുള്ളവരെ ശിക്ഷിച്ചാൽ ഒന്നും ഇത്തരം സൈക്കോകൾ അടങ്ങില്ല. പക്ഷേ ഈ സൈക്കോകളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മൃ​ഗത്തെ ഇല്ലാതാക്കണമെങ്കിൽ പ്രതിഷേധങ്ങൾ അതി ഭീകരമായി ഉയരേണ്ടിയിരിക്കുന്നു. വേണ്ടെന്ന് കരുതിയെങ്കിലും അതിന്‍റെ ഭാ​ഗമായി ഞാന്‍ പ്രതിഷേധിച്ച് പോകുകയാണ്. സംസാരിക്കേണ്ട എന്നാണ് ഞാന്‍ വിചാരിച്ചത്. ആ കുഞ്ഞിന്‍റെ വീട്ടിലൊന്ന് പോകണമെന്ന് ഞാന്‍ മനസ് കൊണ്ട് വിചാരിച്ചു.

ഞാൻ പറയുന്നത് കേട്ട് ആർക്കെങ്കിലും ഒരു വരിയെങ്കിലും എഴുതണമെങ്കിൽ, ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് അവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഒരു നിമിഷമെങ്കിലും തോന്നുന്നുണ്ടെങ്കിൽ.. എന്ന് തോന്നി മാത്രമാണ് ഞാന്‍ ലൈവിൽ വന്നത്. ഭീകരമാണ്. ആവർത്തിക്കപ്പെടാൻ പാടില്ലാത്ത കാര്യങ്ങൾ നമ്മുടെ കേരളത്തിൽ നിരവധി തവണ ആവർത്തിച്ച് കൊണ്ടേ ഇരിക്കുന്നു.

പെൺ കുഞ്ഞുങ്ങളെ വളർത്താൻ മാതാപിതാക്കൾക്ക് ഭയമായിരിക്കുന്നു. സ്‌കൂളിൽ പോകുന്ന കുട്ടികൾ കൃത്യസമയത്ത് തിരിച്ച് വന്നില്ലെങ്കിൽ എല്ലാ രക്ഷിതാക്കളുടെയും ഉള്ളിൽ ആധി ഉണ്ടാക്കുന്ന അവസ്ഥയിലൂടെ കേരളം കടന്ന് പോകാൻ പാടില്ല. സമാധാനവും സ്വസ്ഥതയും സന്തോഷവും നിറഞ്ഞ ജീവിതം എല്ലാ കുടുംബങ്ങൾക്കും ഉണ്ടാവണം.

സ്ത്രീ ശാക്തീകരണവും പുരോ​ഗമനവും സമത്വവും പറഞ്ഞ് നടക്കുന്ന പുരോ​ഗമനവാദികളോട് എനിക്ക് പലപ്പോഴും തോന്നുന്ന പുച്ഛം ഇതൊക്കെ തന്നെയാണ്. ഇറങ്ങി സംരക്ഷിക്കൂ. നമ്മുടെ ചുറ്റുമുള്ള നിലവിളികൾ കേൾക്കൂ. അയൽപക്കത്ത് ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അത് ഹാഷ്‌ടാ​ഗിട്ട് ആസ്വദിക്കാതെ ഇറങ്ങി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണം. ഒരു കുട്ടിയെ കണ്ടു കഴിഞ്ഞാൽ, ഒരു സ്ത്രീയെ കണ്ടാൽ അനാവശ്യമായി അവളുടെ ശരീരത്ത് തൊടാൻ പറ്റാത്തവിധം അവനെ ഭയപ്പെടുത്തുന്ന ഘടകമായി നമ്മൾ ഓരോരുത്തരും മാറണം.

ഒരു സ്ത്രീക്കും ഒരു രീതിയിലും ഒരു മാനത്തിനും കേടുവരാത്ത രീതിയിൽ ജീവിക്കാൻ ഈ കേരളത്തിൽ കഴിയണം. പ്രായഭേദമന്യേ.. അതിന് വേണ്ടിയിട്ടാകണം നമ്മൾ ഓരോരുത്തരും കൈ കോർക്കേണ്ടതും സംസാരിക്കേണ്ടതും. ഞാൻ വളരെ വൈകാരികമായാണ് സംസാരിക്കുന്നത്. ചിലപ്പോൾ മോശമായി വായിൽ നിന്നും പലതും വരും. അപ്പോൾ പലരും വരും, അഖിൽ സംസാരിച്ചത് മോശമായെന്ന്. അല്ലാതെ രണ്ട് പെൺമക്കളുള്ള ഒരച്ഛന്‍റെ വൈകാരികമായ പ്രതികരണമാണെന്ന് ആരും മനസിലാക്കത്തില്ല.

തല്‍ക്കാലം ആ കുഞ്ഞിന്‍റെ അച്ഛനും അമ്മയ്ക്കും നീതി നേടി കൊടുക്കാൻ പറ്റുന്ന കാര്യങ്ങൾ സംഭവിക്കട്ടെ. ആവര്‍ത്തിച്ചാവര്‍ത്തിച്ച് നീതി നേടിക്കൊടുക്കുക അല്ല വേണ്ടത്. ഇത് സംഭവിക്കാതെ ഇരിക്കാനുള്ള കാര്യങ്ങളിലേയ്‌ക്കാണ് നമ്മുടെ മനസ്സും, ജീവിതവും, സാഹചര്യവും എത്തേണ്ടത് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്. ഇത് കേവലം അന്യസംസ്ഥാന തൊഴിലാളി എന്നോ അല്ലെങ്കില്‍ മലയാളികള്‍ എന്നോ പറഞ്ഞ് നമ്മള്‍ മാറി നില്‍ക്കേണ്ടതില്ല.

മരിച്ചത് ഒരു പെൺ കുഞ്ഞാണ്. സംഭവിച്ചത് നമ്മുടെ കൺമുൻപിലാണ്. നമുക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആവർത്തിക്കാതിരിക്കട്ടെ. ഓരോരുത്തരും ജനപ്രതിനിധികളായി മാറൂ... സര്‍ക്കാരും എല്ലാ ജനപ്രതിനിധികളും, ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ മറ്റൊരാളുടെ തലയില്‍ വച്ച് കെട്ടേണ്ട. നമ്മുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കി എല്ലായ്‌പ്പോഴും നമ്മളെല്ലാം ഭരണാധികാരികള്‍ ആയി മാറൂ.. ഇതൊക്കെ നമ്മുടെ കര്‍ത്തവ്യങ്ങള്‍ ആണെന്ന് കരുതുക.' -അഖില്‍ മാരാര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details