ചെന്നൈ:അജിത് കുമാർ ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. 'എകെ62' എന്നറിയപ്പെട്ടിരുന്ന ചിത്രത്തിന്‍റെ യഥാർഥ ടൈറ്റില്‍, 'വിടാമുയർച്ചി' അജിത്തിന്‍റെ ജന്മദിനമായ മെയ് ഒന്നിനാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്‍റെ പ്രഖ്യാപനം മുതല്‍ക്കുതന്നെ ഓരോ അപ്ഡേഷനുകളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ അജിത്തിന്‍റെ വില്ലനായി അര്‍ജുന്‍ ദാസ് എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
‘പ്രയത്‌നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല’ എന്ന ടാഗ് ലൈനോടെയാണ് 'വിടാമുയർച്ചി' പ്രേക്ഷകർക്കരികില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ഇതിവൃത്തത്തെയും അഭിനേതാക്കളെയും കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഇതുവരെ വിശദമായി പുറത്തുവിട്ടിട്ടില്ല എങ്കിലും വില്ലനായി അര്‍ജുന്‍ ദാസ് എത്തുമെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ ആരാധകർ ആഘോഷമാക്കി കഴിഞ്ഞിരിക്കുകയാണ്.
തന്‍റെ വേറിട്ട ശബ്‌ദത്തിലൂടെയും അസാമാന്യ പ്രകടനങ്ങളിലൂടെയും നിരവധി ആരാധകരെ ചുരുങ്ങിയ കാലത്തിനിടെ സ്വന്തമാക്കിയിട്ടുണ്ട് അര്‍ജുന്‍ ദാസ്. 'കൈതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ വിജയ്‌ക്കൊപ്പം 'മാസ്റ്ററി'ലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ലൈക്ക പ്രൊഡക്ഷൻസ് ആണ് വിടാമുയാർച്ചി നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത വാരം പൂനെയില്‍ ആരംഭിക്കും എന്നാണ് വിവരം. പ്രശസ്‌ത സംഗീത സംവിധായകന്‍ അനിരുദ്ധ് ആണ് ചിത്രത്തിന് ഈണമൊരുക്കുന്നത്.
ചിത്രത്തില്‍ അജിത്തിന്‍റെ നായികയായി തൃഷ എത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്‌ത 'യെന്നൈ അറിന്താല്‍' എന്ന ചിത്രത്തില്‍ തൃഷയും അജിത്തും ജോഡിയായി എത്തിയിരുന്നു.
ഇരുവരുടെയും ഓൺസ്‌ക്രീന്‍ കെമിസ്‌ട്രിക്ക് വലിയ ഫാന്‍ബേസുണ്ടെന്ന കാര്യത്തില്‍ ഏതായാലും തർക്കമുണ്ടാകാന്‍ വഴിയില്ല. അതുകൊണ്ടുതന്നെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശ ഭരിതരാക്കിയിട്ടുണ്ട്. 'വിടാമുയർച്ചി' വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുമെന്നാണ് ആദ്യഘട്ടത്തില്‍ വാർത്തകൾ പ്രചരിച്ചത്.
എന്നാൽ പല കാരണങ്ങളാൽ വിഘ്നേശ് ശിവനില്‍ നിന്നും ചിത്രം നഷ്‌ടമാവുകയായിരുന്നു എന്നും തുടര്‍ന്ന് മഗിഴ് തിരുമേനി ഏറ്റെടുക്കുകയായിരുന്നു എന്നുമാണ് വിവരം. അതേസമയം 'തുനിവ്' ആണ് അജിത്തിന്‍റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്‌ത ചിത്രം നിര്‍മിച്ചത് ബോണി കപൂറാണ്.
ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച ചിത്രത്തിനായി തിരക്കഥയും ഒരുക്കിയതും എച്ച് വിനോദ് തന്നെയായിരുന്നു. ബോക്സോഫിസ് കലക്ഷനില്‍ നേട്ടമുണ്ടാക്കിയെങ്കിലും പ്രേക്ഷകർക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത് നായകനാകും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുധ കൊങ്കാര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും സംവിധായകൻ ശ്രീ ഗണേഷിന്‍റെ പുതിയ ചിത്രത്തിലും അജിത് നായകനായേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ALSO READ:അജിത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ എകെ 62 ടൈറ്റില്‍, പോസ്റ്റര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍