ടൊവിനോ തോമസിന്‍റെ (Tovino Thomas) ഏറ്റവും പുതിയ പ്രൊജക്‌ടുകളില്‍ ഒന്നാണ് 'അജയന്‍റെ രണ്ടാം മോഷണം' (Ajayante Randam Moshanam). പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'അജയന്‍റെ രണ്ടാം മോഷണ'ത്തിലെ (എആര്‍എം) പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
സിനിമയില്‍ മാണിക്യം ആയാണ് സുരഭി ലക്ഷ്‌മി എത്തുന്നത്. വളരെ ഗൗരവ ഭാവത്തില്‍ വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് ക്യാരക്‌ടര്‍ പോസ്‌റ്ററില്‍ സുരഭിയെ കാണാനാവുക. ടൊവിനോ തോമസാണ് സുരഭിയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
'മാണിക്യമായി സുരഭി ലക്ഷ്‌മിയെ അനാവരണം ചെയ്യുമ്പോള്‍, ആരുടെ പ്രണയം മണിയനുമായി ചേരുന്നു എന്നതും കണ്ടെത്തുന്നു. ഈ ഫസ്‌റ്റ് ലുക്ക് വെളിപ്പെടുത്തുമ്പോൾ, മാണിക്യത്തെ ജീവസുറ്റതാക്കുന്ന പ്രതിഭയുടെ ജന്മദിനം നമുക്കും ആഘോഷിക്കാം. ജന്മദിനാശംസകൾ, സുരഭി ലക്ഷ്‌മി!!!' - ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് ടൊവിനോ കുറിച്ചു.
Also Read:മൂന്ന് വേഷം, മൂന്ന് കാലഘട്ടം ; ചോതിക്കാവിലെ കള്ളന്‍ മണിയന്‍ ആയി ടൊവിനോ ; പോസ്‌റ്റര്‍ പുറത്ത്
'മിന്നല്‍ മുരളി'ക്ക് ശേഷമുളള ടൊവിനോയുടെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തില്‍ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാകും നായികമാര്‍. തെലുഗു താരം കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ബേസില്‍ ജോസഫ്, ഹരീഷ് പേരടി, ജഗദീഷ്, ഹരീഷ് ഉത്തമന്‍, രോഹിണി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പൂര്‍ണമായും ത്രീഡിയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം. അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പിരിയോഡിക്കല്‍ എന്‍റര്‍ടെയിനറായാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ടൊവിനോ തോമസ് ഇതാദ്യമായാണ് ട്രിപ്പിള്‍ റോളില്‍ എത്തുന്നത്. ഇതും ഈ സിനിമയുടെ പ്രത്യേകതയാണ്.
സുജിത് നമ്പ്യാര്‍ ആണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍, സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ദിബു നൈനാന്‍ തോമസ് ആണ് സംഗീതം.
2018 (എവരിവണ്‍ ഈസ് എ ഹീറോ) ആണ് ടൊവിനോ തോമസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്‍റെ അതിജീവന കഥ പറഞ്ഞ ചിത്രം ജൂഡ് ആന്തണി ജോസഫ് ആണ് സംവിധാനം ചെയ്‌തത്. സര്‍വൈവല്‍ ത്രില്ലറായി വമ്പന്‍ താരനിരയില്‍ ഒരുക്കിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.
Also Read:ടൊവിനോ തോമസിന്‍റെ പാന്‍ ഇന്ത്യന്‍ സിനിമ; 'അജയന്‍റെ രണ്ടാം മോഷണം' ടീസര്‍ റിലീസ് ചെയ്യുന്നത് ഹൃത്വിക് റോഷന്‍
10 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ചരിത്രം സൃഷ്‌ടിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് 2018. ടൊവിനോ തോമസിനൊപ്പം കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.