കാത്തിരിപ്പിന് ഒടുവിൽ വിരാമം. നാളേറെയായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണി രത്നത്തിന്‍റെ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പ്രേക്ഷകരില്‍ ആവേശമുണര്‍ത്തി വളരെ വിസ്‌മയമേകുന്ന ട്രെയിലറാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
1950കളില്‍ എഴുത്തുക്കാരന്‍ കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ തമിഴ് നോവലിന്‍റെ സിനിമാറ്റിക് അവലംബമാണ് അതേ പേരില്‍ പുറത്തിറങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍ 1'. ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്‌മി, ലാൽ, ശോഭിത ധുലിപാല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബുധനാഴ്‌ച ചെന്നൈയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് നിർമാതാക്കൾ 'പൊന്നിയിന്‍ സെല്‍വന്‍ 2'ന്‍റെ ട്രെയിലർ ലോഞ്ച് ചെയ്‌തത്. രണ്ടാം ഭാഗത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ധിച്ചു.
'പൊന്നിയിന്‍ സെല്‍വന്‍ 1' അവസാനിച്ചിടത്ത് നിന്നാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2' ആരംഭിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ (ജയം രവി) മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ നന്ദിനി രാജ്ഞി (ഐശ്വര്യ) കടലിൽ ചാടി പൊന്നിയിന്‍ സെല്‍വനെ രക്ഷപ്പെടുത്തുന്നു. ഇതോടെ രണ്ടാം ഭാഗം ആരംഭിച്ചിരിക്കുകയാണ്.
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി തുടങ്ങിയവര്‍ ട്രെയിലറില്‍ മുഖം കാണിക്കുന്നുണ്ടെങ്കിലും ഐശ്വര്യ റായ് ബച്ചനാണ് ട്രെയിലറിലെ ഹൈലൈറ്റ്. അച്ഛന്‍റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ അവള്‍ കൊതിക്കുകയാണ്. 'ഞങ്ങൾ ചോളന്മാരെ നശിപ്പിക്കും' എന്ന് ഐശ്വര്യയുടെ കഥാപാത്രം പറയുന്ന ഒരു രംഗമുണ്ട്.