Aishwarya Rai as Queen Nandini: ഇന്ത്യന്‍ സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ഇതിഹാസ സംവിധായകന്‍ മണിരത്‌നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. ചിത്രത്തിലെ ഐശ്വര്യ റായുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പഴുവൂര്‍ രാജ്ഞി നന്ദിനി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ഐശ്വര്യ അവതരിപ്പിക്കുക.
Aishwarya Rai as double role in Ponniyin Selvan: ലൈക്ക പ്രൊഡക്ഷന്‍സ് തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 'പ്രതികാരത്തിന് മനോഹരമായ ഒരു മുഖമുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യയുടെ ഫസ്‌റ്റ് ലുക്ക് ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്.
Chiyaan Vikram as Aditya Karikalan: നേരത്തെ ചിയാന്‍ വിക്രം, കാര്‍ത്തി എന്നിവരുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുകളും പുറത്തിറങ്ങിയിരുന്നു. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുക. ചോള സിംഹാസനത്തിന്‍റെ വിശ്വസ്‌ത സേവകനും ആദിത്യ കരികാലന്‍റെ പ്രിയ സുഹൃത്തുമായ വല്ലവരയന്‍ വന്തിയതേവന്‍ എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുക. വല്ലവരയന്‍റെ കുതിരയായ സെമ്പന്‍ എന്ന കഥാപാത്രത്തെയും താരം പരിചയപ്പെടുത്തി.
Ponniyin Selvan release: രണ്ട് ഭാഗങ്ങളിലായാണ് ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ഒരുങ്ങുന്നത്. 2022 സെപ്‌റ്റംബര്‍ 30ന് സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്യും. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണിത്. 'ചെക്ക ചിവന്ത വാനം' എന്ന സിനിമയ്‌ക്ക് ശേഷം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിരത്നത്തിന്‍റെ സംവിധാനത്തില്‍ ഒരു പുതിയ ചിത്രം വരുന്നത്.