ചെന്നൈ:വിഖ്യാത സംവിധായകൻ മണിരത്‌നത്തിൻ്റെ സ്വപ്‌ന സിനിമയായിരുന്നു പൊന്നിയിൻ സെൽവൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചരിത്ര സിനിമ ബ്ലോക്ക് ബസ്റ്റർ വിജയമായിരുന്നു നേടിയത്. ലോകമൊട്ടാകെയുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഏവരും. വൻ താരനിര അണിനിരക്കുന്ന സിനിമയിൽ മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയുടെ സാന്നിധ്യം സിനിമ കണ്ടുകൊണ്ടിരുന്ന ഏതൊരു മലയാളിയ്‌ക്കും അഭിമാന നിമിഷമായിരുന്നു. ‘പൂങ്കുഴലി’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്‌മി വേഷമിട്ടിരിക്കുന്നത്.
പൊന്നിയിൻ സെൽവൻ്റെതായി പുറത്തു വരുന്ന ഏല്ലാ വാർത്തകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ‘പൊന്നിയിൻ സെൽവൻ 2’ ലെ ഒരു ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ചിത്രത്തിൽ പൂങ്കുഴലിയായി ഐശ്വര്യയെ ഒരുക്കുന്നതും ഐശ്വര്യയുടെ സിനിമയിലെ പ്രകടനങ്ങളും ഉൾപ്പെടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
മേക്കിങ് ഓഫ് പൂങ്കുഴലി:മേക്കിങ് ഓഫ് പൂങ്കുഴലി എന്ന് എഴുതികാണിച്ചു കൊണ്ട് തുടങ്ങുന്ന വീഡിയോയിൽ ‘പൊന്നിയിൻ സെൽവൻ’ എന്ന ഇതിഹാസ നോവലിൽ രാജ രാജ ചോഴൻ എന്നറിയപ്പെടുന്ന പൊന്നിയിൻ സെൽവനെ മരണത്തിൻ നിന്നും രക്ഷിച്ച പൂങ്കുഴലി എന്ന വഞ്ചിക്കാരിയുടെ പെയിൻ്റിങ്ങുകളും, ചിത്രങ്ങളും കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് അതേ വേഷത്തിൽ കാമറക്ക് അഭിമുഖമായി നിന്ന് അഭിനയിക്കുന്ന ഐശ്വര്യ ലക്ഷ്‌മിയെ കാണാനാകും. ഒരുപാട് ആഭരണങ്ങൾ കൊണ്ട് അണിഞ്ഞ് ഒരുങ്ങി 10-ാം നൂറ്റാണ്ടിലെ ഒരു മുക്കുവത്തിയുടെ അതേ രൂപഭാവത്തോടെയാണ് ഐശ്വര്യയെ കാണാനാകുന്നത്.