ഹൈദരാബാദ് :95-ാമത് ഓസ്‌കര്‍ അക്കാദമി അവാർഡിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ‘ആർആർആർ’ സിനിമയ്ക്ക് ശേഷം തൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ. ഓസ്‌കർ അവാർഡ് പ്രഖ്യാപനത്തിന് മുൻപേ വിമാനത്തിൽ കയറിയ താരം ഇപ്പോഴും ആകാശത്തിലാണ്. 2023ലെ അക്കാദമി അവാർഡ്‌സിൽ പങ്കെടുത്തതിന് ശേഷം മാർച്ച് 17-ന് താരം ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. ലോസ് ഏഞ്ചൽസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഹൈദരാബാദിൽ തിരിച്ചെത്തി 2 ആഴ്‌ച തികയുന്നതിന് മുൻപേ വീണ്ടും യാത്രകൾ തുടരുകയാണ് താരം. രാം ചരൺ തിരിച്ചെത്തി കുറച്ചുദിവസങ്ങൾക്കകം തന്നെ തെലുങ്ക് സിനിമാലോകത്തോടൊത്ത് തൻ്റെ 38-ാം ജൻമദിനം ആഘോഷിച്ചിരുന്നു.
സ്വകാര്യ ജെറ്റ് വിമാനത്തിൽ ഇരുന്ന് ആകാശ കാഴ്‌ചകൾ ആസ്വദിക്കുന്ന രാം ചരൺ : ആഘോഷങ്ങൾക്ക് അറുതിവരുത്താതെ നടൻ തൻ്റെ ഭാര്യ ഉപാസന കൊനിഡേലയ്‌ക്കൊപ്പം ദുബായിലേക്ക് പോയിരിക്കുകയാണ്. ഫ്രഞ്ച് ബാർബെറ്റ് ഇനത്തിൽപ്പെടുന്ന തങ്ങളുടെ വളർത്തുനായ റൈമിനൊപ്പം തൻ്റെ സ്വകാര്യ ജെറ്റ് വിമാനത്തിൽ ഇരുന്ന് ആകാശ കാഴ്‌ചകൾ ആസ്വദിക്കുന്ന രാം ചരണിൻ്റെ ചിത്രം ഉപാസന തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്‌തപ്പോഴാണ് താരത്തിൻ്റെ യാത്രയെ പറ്റി പുറം ലോകമറിയുന്നത്. വെളുത്ത നിറത്തിലുള്ള ഒരു ടി ഷർട്ടും ജാക്കറ്റും ധരിച്ച് ചാരനിറത്തിലുള്ള ഒരു പാൻ്റ്‌സിൻ്റെ കൂടെ ഒരു കൂളിങ് ഗ്ലാസ് ധരിച്ച നടനെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. സ്റ്റൈലിൽ കളർ ചെയ്ത മുടിയും രാം ചരണിൻ്റെ ചിരിയും കൂടിയായപ്പോൾ ഉപാസനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.