ഹൈദരാബാദ്:ബോളിവുഡിലും തെന്നിന്ത്യയിലുമായി ഏറെ ആരാധകരുള്ള താരമാണ് അദിതി റാവു ഹൈദരി. ഗായിക കൂടിയായ അദിതി ഹിന്ദിക്ക് പുറമെ ദക്ഷിണേന്ത്യന്‍ സിനിമയിലും ചുവടുറപ്പിച്ച കലാകാരിയാണ്. എന്നാൽ അഭിനയത്തിൽ മാത്രമല്ല ഗോസിപ്പ് കോളങ്ങളിലും സജീവ സാന്നിധ്യമാണ് താരം.
നടൻ സിദ്ധാർഥിൻ്റെ പേരിനൊപ്പം അദിതി പതിവായി വാർത്തകളിൽ ഇടം നേടാറുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ കഴിഞ്ഞ വർഷം മുതൽ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. പല പരിപാടികളിലും താരങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതാണ് ഡേറ്റിങ് കിംവദന്തികൾക്ക് തുടക്കമിട്ടത്.
'മഹാസമുദ്രം' സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നും പിന്നാലെ പ്രണയത്തിലാവുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. കൂടാതെ ജന്മദിനങ്ങളിൽ ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്‌പരം നേരുന്ന ആശംസകളും ചൂടൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പിന്നീട് പലപ്പോഴായി ഇരുവരും പാപ്പരാസികളുടെ കണ്ണിൽ ഉടക്കിയിരുന്നെങ്കിലും താരങ്ങൾ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
ALSO READ:170 അംഗ കുടുംബത്തിൽ അതിഥിയായി സാറയും വിക്കിയും; ഭക്ഷണം ആസ്വദിച്ചുകഴിച്ച് താരങ്ങൾ
തങ്ങൾ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഡേറ്റിംഗ് വാർത്തകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അദിതി റാവു ഹൈദരി. അടുത്തിടെ നടന്ന വാർത്താ സമ്മേളനത്തിനിടെ ആയിരുന്നു താരത്തിൻ്റെ പ്രതികരണം.
നടൻ സിദ്ധാർഥുമായുള്ള അടുപ്പത്തെ കുറിച്ചായിരുന്നു ചോദ്യം. നാണത്തോടെയും നിറഞ്ഞ ചിരിയോടെയുമാണ് താരം ചോദ്യം കേട്ടത്. പിന്നാലെ കൈകൊണ്ട് ചുണ്ടുകൾ സിപ്പ് ചെയ്യുന്ന ആംഗ്യവും കാണിച്ചു. തന്‍റെ ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് താരം സൂചിപ്പിച്ചതെങ്കിലും പാപ്പരാസികൾക്ക് ആഘോഷിക്കാൻ അത് ധാരാളമായിരുന്നു.
നിലവിൽ തന്‍റെ വെബ് സീരീസായ 'ജൂബിലി'യുടെ വിജയാഘോഷ തിരക്കുകളിൽ ആണ് അദിതി റാവു. പരമ്പരയിലെ മികച്ച പ്രകടനം താരത്തിന് നിരൂപക പ്രശംസയും നേടിക്കൊടുത്തു. 'താജ്: ഡിവൈഡഡ് ബൈ ബ്ലഡ്' എന്ന വെബ് സീരീസും അടുത്തിടെ അദിതിയുടെതായി പുറത്തിറങ്ങിയിരുന്നു. രണ്ട് സീരീസുകളിലെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് താരത്തിന് ലഭിച്ചത്.
2007ൽ തമിഴ് ചിത്രമായ 'സ്രിംഗാര'ത്തിലൂടെയാണ് അദിതി റാവു ഹൈദരി അഭിനയ ജീവിതം തുടങ്ങിയത്. ചിത്രത്തിൽ ദേവദാസി ആയാണ് താരം വേഷമിട്ടത്. സുധീർ മിശ്രയുടെ 2011ൽ പുറത്തിറങ്ങിയ റൊമാന്‍റിക് ത്രില്ലർ 'യേ സാലി സിന്ദഗി'യാണ് അദിതിക്ക് പ്രശസ്‌തി നേടിക്കൊടുത്ത ചിത്രം. 2018ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്‌ത 'പത്മാവത്' എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്‌റുനിസ രാജ്ഞിയുടെ പകർന്നാട്ടവും മികച്ച പ്രതികരണം നേടിയിരുന്നു. മലയാളത്തിൽ 'സൂഫിയും സുജാത'യും, മമ്മൂട്ടിയുടെ നായികയായി 'പ്രജാപതി' എന്നീ ചിത്രങ്ങളിലും അദിതി വേഷമിട്ടു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ആദ്യമായി പുറത്തിറങ്ങിയ ചിത്രം കൂടി ആയിരുന്നു 'സൂഫിയും സുജാതയും'.
ALSO READ:'ഞാൻ എന്നെയൊരു ഭാഗ്യവാനായാണ് കാണുന്നത്, അവളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു' മുൻ ഭാര്യ കല്ലിറോയെ കുറിച്ച് ഗുൽഷൻ ദേവയ്യ