പ്രഭാസ്-ഓംറൗട്ട് കൂട്ടുകെട്ടില്‍ രാമായണത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന പുരാണ ചിത്രമാണ് ആദിപുരുഷ്. പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ കൂടിയാണിത്. എന്നാല്‍ ഒക്‌ടോബര്‍ 2ന് ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയതോടെ ആദിപുരുഷിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.
ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ നിലവാരം കുറഞ്ഞ വിഎഫ്‌എക്‌സ് ഉപയോഗിച്ചു എന്നതായിരുന്നു പ്രധാന വിമര്‍ശനം. കൂടാതെ രാമായണത്തെ തെറ്റായി ഉപയോഗിച്ചു എന്നു പറഞ്ഞു കൊണ്ട് ഒരു വിഭാഗം രംഗത്തു വന്നു. ചിത്രം ബോയ്‌ക്കോട്ട് ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
ഇതിനു പിന്നാലെ വിവാദങ്ങള്‍ വേദനിപ്പിച്ചെന്നും ഒരു അവസരം ഉണ്ടായിരുന്നെങ്കില്‍ ടീസര്‍ യൂടൂബില്‍ അപ്‌ലോഡ് ചെയ്യില്ലായിരുന്നു എന്നും പ്രതികരിച്ച് സംവിധായകന്‍ ഓം റൗട്ട് രംഗത്തു വന്നു. ബിഗ് സ്‌ക്രീനിനു വേണ്ടിയാണ് ആദിപുരുഷ് നിര്‍മിച്ചിരിക്കുന്നത് എന്നും മൊബൈല്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ തൃപ്‌തി ലഭിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ കെട്ടടങ്ങാത്ത സാഹചര്യത്തില്‍ ആദിപുരുഷ് ടീസര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ത്രീഡി ടീസര്‍ ഹൈദരാബാദിലെ എഎംബി സിനിമാസിലാണ് പ്രദര്‍ശിപ്പിച്ചത്. ഇത്തരമൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യമാണെന്ന് നായകന്‍ പ്രഭാസ് പറഞ്ഞു. ചിത്രം മുഴുവനായും ത്രീഡിയിലാണ് ഒരുക്കിയിരിക്കുന്നത്.
അത്തരമൊരു ചിത്രത്തിന്‍റെ ടീസര്‍ മൊബൈല്‍ ഫോണില്‍ കണ്ടതു കൊണ്ടാണ് ചിത്രത്തിന് എതിരെ തെറ്റായ ധാരണകള്‍ ഉണ്ടായതെന്ന് സംവിധായകന്‍ ഓം റൗട്ട് വ്യക്തമാക്കി. പ്രഭാസിനൊപ്പം സെയ്‌ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 500 കോടിയില്‍ ഒരുങ്ങുന്ന ചിത്രം 2023 ജനുവരി 12 ന് തിയേറ്ററുകളില്‍ എത്തും.