കേരളം

kerala

എനിക്കൊരു വേഷം ലഭിക്കാത്തതില്‍ സങ്കടമുണ്ട്, ഓര്‍മകള്‍ പങ്കുവച്ച് നടി ലിസി ലക്ഷ്‌മി

By

Published : May 14, 2022, 3:00 PM IST

കമല്‍ഹാസന് പുറമെ തെന്നിന്ത്യയിലെ മറ്റ് സൂപ്പര്‍താര ചിത്രങ്ങളിലും ലിസി ലക്ഷ്‌മി ഭാഗമായി. നടിയുടെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.

lissy lakshmi kamal haasan  kamal haasan vikram movie  vikram movie release  kamal haasan movie  ലിസി ലക്ഷ്‌മി  കമല്‍ഹാസന്‍ വിക്രം സിനിമ  കമല്‍ഹാസന്‍ വിക്രം  വിക്രം സിനിമ റിലീസ്
എനിക്കൊരു വേഷം ലഭിക്കാത്തതില്‍ സങ്കടമുണ്ട്, ഓര്‍മ്മകള്‍ പങ്കുവച്ച് നടി ലിസി ലക്ഷ്‌മി

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നായികമാരില്‍ ഒരാളാണ് നടി ലിസി ലക്ഷ്‌മി. മലയാളത്തിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലും സൂപ്പര്‍താരങ്ങളുടെ നായികയായി നടി തിളങ്ങി. സംവിധായകൻ പ്രിയദര്‍ശനുമായുളള വിവാഹ ശേഷം സിനിമ വിട്ട ലിസി പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചാണ് തിരിച്ചുവന്നത്.

ഇതിനിടെ സംവിധായകനുമായി നടി വേര്‍പിരിയുകയും ചെയ്തു. തമിഴില്‍ കമല്‍ഹാസന്‍റെ നായികയായി വിക്രം എന്ന സിനിമയിലാണ് ലിസി അരങ്ങേറ്റം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേപേരില്‍ പുതിയ സിനിമ വരുമ്പോള്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ വിഷമമുണ്ടെന്ന് പറയുകയാണ് നടി. ഒപ്പം വിക്രം സിനിമയുടെ വോയിസ് റെക്കോഡിങ് ചെയ്‌തിരിക്കുന്നത് തന്‍റെ സ്റ്റുഡിയോയില്‍ ആണെന്ന സന്തോഷവും നടി പങ്കുവച്ചു. കമല്‍ഹാസനൊപ്പമുളള പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് പഴയകാല നടിയുടെ കുറിപ്പ് വന്നത്.

ലിസി ലക്ഷ്‌മിയുടെ വാക്കുകളിലേക്ക്: "ഇന്നും അന്നും, വര്‍ഷങ്ങള്‍ക്ക് ശേഷം വിക്രം എന്ന പേരില്‍ കമല്‍ സാര്‍ വീണ്ടും മറ്റൊരു ചിത്രം ഒരുക്കുകയാണ്. ആദ്യ വിക്രം സിനിമയില്‍ നിന്നും വളരെ വേറിട്ടുനില്‍ക്കുന്ന പ്രമേയമാണ് പുതിയ സിനിമയുടെത്. വിക്രം എന്ന പേരില്‍ ഇറങ്ങിയ ആദ്യ സിനിമയിലെ നായികമാരില്‍ ഒരാളായിരുന്നു ഞാന്‍.

എനിക്കൊരു വേഷം ലഭിക്കാത്തതില്‍ സങ്കടമുണ്ട്, ഓര്‍മ്മകള്‍ പങ്കുവച്ച് നടി ലിസി ലക്ഷ്‌മി

പുതിയ വിക്രത്തില്‍ എനിക്കൊരു വേഷം ലഭിക്കാത്തതില്‍ സങ്കടമുണ്ട്. എന്നിരുന്നാലും ഈ സിനിമയുടെ വോയിസ് റെക്കോര്‍ഡിങ് ചെയ്‌തിരിക്കുന്നത് ലിസി ലക്ഷ്‌മി സ്റ്റുഡിയോസില്‍ ആണെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. കമല്‍ സാറും വിക്രം ടീം അംഗങ്ങളും എന്‍റെ സ്റ്റുഡിയോയില്‍ വന്നത് തന്നെ ജീവിതത്തിലെ എറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു.

ഇനി വിക്രം ആദ്യ സിനിമയെ കുറിച്ച് പറയാം. അത് വലിയൊരു അനുഭവം തന്നെയായിരുന്നു. എന്‍റെ പതിനേഴാം ജന്മദിനം ആഘോഷിച്ചത് സെറ്റില്‍ വച്ച് ആ സിനിമയുടെ മുഴുവന്‍ ടീമിനൊപ്പവും ആയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ ബോണ്ട് മൂവി ആയിരുന്നു അത്. രാജസ്ഥാനില്‍ വച്ചായിരുന്നു ചിത്രീകരണം.

അഭിനയിക്കുന്നത് ഇന്ത്യയിലെ തന്നെ എറ്റവും വലിയ സൂപ്പര്‍താരങ്ങളില്‍ ഒരാള്‍. എനിക്കൊപ്പമുളളത് ഗ്രീക്ക് ദേവതയെ പോലെ സുന്ദരിയായ ഡിംപിള്‍ കപാഡിയ. ഞാന്‍ വര്‍ക്ക് ചെയ്‌തതില്‍ വച്ച് എറ്റവും വലിയ ടീം. പതിനേഴുകാരിയായ എനിക്കത് വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു. പുതിയ വിക്രത്തിന് എന്‍റെ എല്ലാവിധ ആശംസകളും", ലിസി ലക്ഷ്മി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അതേസമയം ജൂണ്‍ മൂന്നിനാണ് കമല്‍ഹാസന്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മാസ്റ്ററിന്‍റെ വന്‍വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ ദാസ് ഉള്‍പ്പെടെയുളള താരങ്ങളും എത്തുന്നു.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിക്രം സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ പാട്ട് ഇന്‍റര്‍നെറ്റില്‍ ട്രെന്‍ഡിംഗായിരുന്നു. മലയാളിയായ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മാണം.

ABOUT THE AUTHOR

...view details