ഹൈദരാബാദ് : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനെതിരെ (CBFC) ഗുരുതര ആരോപണവുമായി തമിഴ് സിനിമ താരവും നിര്‍മാതാവുമായ വിശാല്‍ (Actor Vishal Allegation On CBFC). മാര്‍ക്ക് ആന്‍റണി ഹിന്ദി പതിപ്പിന്‍റെ സെന്‍സര്‍ഷിപ്പിനായി സിബിഎഫ്‌സി 6.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് വിശാലിന്‍റെ വെളിപ്പെടുത്തല്‍ (Actor Vishal on CBFC corruption). സംഭവവുമായി ബന്ധപ്പെട്ട് നീണ്ട ഒരു കുറിപ്പും വിശദീകരിച്ചു കൊണ്ടുള്ള വീഡിയോയും വിശാല്‍ എക്‌സില്‍ (മുന്‍പ് ട്വിറ്റര്‍) പങ്കുവച്ചിട്ടുണ്ട് (Actor Vishal X post on Mark Antony)
'അഴിമതി വെള്ളിത്തിരയില്‍ കാണിക്കുന്നത് നല്ലതാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. ദഹിക്കുന്നില്ല, പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫിസുകളിലേത്. മുംബൈ സിബിഎഫ്‌സി ഓഫിസില്‍ നടന്നത് വളരെ മോശമാണ്. മാര്‍ക്ക് ആന്‍റണി എന്ന എന്‍റെ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം നല്‍കേണ്ടിവന്നു. രണ്ട് ഇടപാടുകള്‍, സ്‌ക്രീനിങ്ങിന് മൂന്ന് ലക്ഷവും സര്‍ട്ടിഫിക്കറ്റിന് 3.5 ലക്ഷവും.
എന്‍റെ കരിയറില്‍ മുമ്പൊരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ചിത്രത്തിന്‍റെ റിലീസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട ഇടനിലക്കാരന് പണം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. ഇത് ബഹുമാനപ്പെട്ട മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയില്‍ പെടുത്തുന്നു. ഞാന്‍ ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല. ഭാവിയിലെ നിര്‍മാതാക്കള്‍ക്ക് വേണ്ടിയാണ്.