2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലെ നൂലുണ്ടയെ പ്രേക്ഷകര്‍ മറന്നു കാണില്ല. സിനിമ ആസ്വാദകരെ ഏറെ ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നുവിത്. ചിത്രത്തില്‍ നൂലുണ്ടയെ അവതരിപ്പിച്ചത് നടന്‍ വിജീഷ് വിജയനാണ്.
ചില താരങ്ങള്‍ അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിലാകും സിനിമാപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുക. നടന്‍ വിജീഷ് വിജയനും അങ്ങനെ തന്നെ. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് നീണ്ടൊരു ഇടവേള എടുത്തിട്ടും നമ്മളിലെ നൂലുണ്ടയും സ്വപ്‌നക്കൂടിലെ അബ്ബാസും ക്ലാസ്‌മേറ്റ്‌സിലെ വാലു വാസുവും താപ്പാനയിലെ ചേടത്തി സാബുവുമൊക്കെ മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നത്.
ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം താരം വീണ്ടും മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എത്തുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്‌ത നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് വിജീഷ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തില്‍ മനാഫ് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
വിജീഷിനൊപ്പം ജയരാജ് വാര്യരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇര്‍ഷാദാണ് നായകന്‍. ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക, പവര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് നല്ല സമയം.
നാല് പുതുമുഖ നായികമാരെ ഒമര്‍ ലുലു നല്ല സമയത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.