കേരളം

kerala

By ETV Bharat Kerala Team

Published : Dec 28, 2023, 9:19 AM IST

Updated : Dec 28, 2023, 2:45 PM IST

ETV Bharat / entertainment

നടന്‍ വിജയകാന്ത് അന്തരിച്ചു

Vijayakanth Passed Away : പ്രശസ്‌ത തമിഴ്‌ നടന്‍ വിജയകാന്ത് അന്തരിച്ചു.

Vijayakanth  Vijayakanth Passed Away  വിജയകാന്ത്  വിജയകാന്ത് മരണം
Vijayakanth Passed Away

വിജയകാന്ത് അന്തരിച്ചു

ചെന്നൈ : പ്രമുഖതമിഴ് ചലച്ചിത്രതാരവും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു (71). ഇന്ന് രാവിലെയാണ് അന്ത്യം. അസുഖബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു (Vijayakanth Passed Away).

കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് ആശുപത്രി അധികൃതര്‍ വിജയകാന്തിന്‍റെ വിയോഗ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

അനാരോഗ്യത്തെ തുടര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നും സിനിമയില്‍ നിന്നും അദ്ദേഹം ഏറെ നാളായി വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ഭാര്യ പ്രേമലതയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. 2024ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഡിഎംഡികെ സ്ഥാപക നേതാവിന്‍റെ വിയോഗം.

മധുരൈയില്‍ 1952 ഓഗസ്റ്റ് 25ന് കെ എൻ അളഗർസ്വാമി, ആണ്ടാൾ‌ അളഗർസ്വാമി എന്നിവരുടെ മകനായാണ് വിജയരാജ് അളഗര്‍സ്വാമി (Vijayakanth Official Name) എന്ന വിജയകാന്തിന്‍റെ ജനനം. 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ (Inikkum Ilamai) എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് ബിഗ്‌സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നത് (Vijayakanth Debut Film). വില്ലനായിട്ടായിരുന്നു ആദ്യ ചിത്രത്തില്‍ വിജയകാന്ത് വേഷമിട്ടത്.

'സട്ടം ഒരു ഇരുട്ടറൈ' എന്ന ചിത്രത്തിലൂടെയാണ് വിജയകാന്തിന്‍റെ കരിയര്‍ ഗ്രാഫ് ഉയരുന്നത്. വിജയകാന്ത് പ്രധാന വേഷത്തിലെത്തിയ സിവപ്പു മല്ലി, ജാതിക്കൊരു നീതി എന്നീ ചിത്രങ്ങള്‍ സിനിമാസ്വാദകര്‍ ഏറ്റെടുത്തു. നാടിനും വീടിനും വേണ്ടി എന്ത് ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചതിന് പിന്നാലെ പുരട്‌ചി കലൈഞ്ജര്‍ എന്ന വിശേഷണവും അദ്ദേഹത്തിന് വന്നുചേര്‍ന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴ് വാണിജ്യ സിനിമയുടെ പ്രധാനികളിലൊരാളായും അദ്ദേഹം മാറി.

2010ല്‍ പുറത്തിറങ്ങിയ വിരുദഗിരി എന്ന ചിത്രത്തിലാണ് വിജയകാന്ത് അവസാനം വേഷമിട്ടത്. ആ ചിത്രം സംവിധാനം ചെയ്‌തതും അദ്ദേഹം തന്നെയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ സഗാപ്‌തം (Sagaptham) എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെയാണ് ആരാധകര്‍ അദ്ദേഹത്തെ അവസാനം ബിഗ്‌സ്ക്രീനില്‍ കണ്ടത്

രാഷ്‌ട്രീയ ജീവിതം :ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (DMDK) എന്ന രാഷ്‌ട്രീയ പാര്‍ട്ടി വിജയകാന്തിന്‍റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്നത് 2004 സെപ്‌റ്റംബര്‍ 14നാണ്. രണ്ട് വര്‍ഷത്തിനിപ്പുറം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഎംഡികെ 234 സീറ്റില്‍ മത്സരിച്ചു. എന്നാല്‍, ജയം നേടിയത് വിജയകാന്ത് മാത്രമായിരുന്നു.

2011 ആയപ്പോഴേക്കും എഐഎഡിഎംകെയുമായി ഡിഎംഡികെ സഖ്യമുണ്ടാക്കി. പിന്നീട് 40 സീറ്റുകളില്‍ മത്സരിച്ച് 29 എണ്ണത്തിലും ജയിച്ചു. 2011-16 വരെ തമിഴ്‌നാട്ടിലെ പ്രതിപക്ഷത്തെ പ്രധാന നേതാക്കളിലൊരാളായിരുന്നു വിജയകാന്ത്. എന്നാല്‍, പിന്നീട് ഈ ജയം തമിഴ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും ആവര്‍ത്തിക്കാനായില്ല.

Also Read :തെന്നിന്ത്യന്‍ സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റ്യൻ അന്തരിച്ചു ; മലയാളത്തില്‍ കണ്ണൂർ സ്‌ക്വാഡ്, അങ്കമാലി ഡയറീസ് അടക്കം ചിത്രങ്ങള്‍

2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുമായിട്ടായിരുന്നു സഖ്യം. അവിടെയും ഡിഎംഡികെയ്‌ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഡിഎംഡികെ മത്സരിച്ചു. എന്നാല്‍, ഒരിടത്ത് പോലും അന്ന് ജയം നേടാന്‍ സാധിച്ചിരുന്നില്ല.

Last Updated : Dec 28, 2023, 2:45 PM IST

ABOUT THE AUTHOR

...view details