അഭിനയപാടവം കൊണ്ടും വെള്ളിത്തിരയിലെ അവിസ്‌മരണീയമായ പകർന്നാട്ടം കൊണ്ടും പ്രേക്ഷകമനം കീഴടക്കിയ നിരവധി താരങ്ങളെ നമുക്കറിയാം. എന്നാൽ നിലപാടുകളിലൂടെ, ജീവിതത്തിലൂടെ അത് സാധ്യമാക്കിയവർ വിരളമായിരിക്കും. അവിടെയാണ് വിജയ് എന്ന തമിഴകത്തിന്‍റെ ദളപതിയുടെ മുഖം നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത്.
ആരാധകർ ജയ് വിളിച്ച, നിരൂപകർ മുഖസ്‌തുതി പാടിയ തുടക്കമായിരുന്നില്ല വിജയ്‌ക്ക് സിനിമാലോകത്ത് ഉണ്ടായത്. നിർമാതാവും സംവിധായകനുമായ അച്ഛൻ കൂടെയുണ്ടായിരുന്നു എങ്കിലും ഒരുപാട് താരങ്ങൾ വാഴുകയും വീഴുകയും ചെയ്‌ത ഒരു വലിയ സിനിമ മേഖലയിൽ ചുവടുറപ്പിക്കാൻ അദ്ദേഹത്തിന് ആ മേല്‍വിലാസം മാത്രം പോരായിരുന്നു.
'യാർ വന്ന് കാസ് കൊടുത്ത് ഇന്ത മുഞ്ചി തിയേറ്ററിലെ പാക്കു'മെന്നാണ് 27 വർഷങ്ങൾക്ക് മുമ്പ് തമിഴ് സിനിമയിൽ നായകനായ വിജയ് എന്ന പുതുമുഖ നടന്‍റെ ആദ്യ സിനിമ റിലീസായ ശേഷം ഒരു സിനിമ വാരികയില്‍ അച്ചടിച്ച് വന്നത്. ഒരു തുടക്കക്കാരനെ മൊത്തമായി തകർത്തുകളയാനുള്ള, തളർത്തിക്കളയാനുള്ള ശക്തിയുണ്ടായിരുന്നു ആ വാക്കുകൾക്ക്. എന്നാല്‍ വിജയ്‌ക്ക് അതിന് സാധിക്കില്ലല്ലോ, വീണ്ടും വീണ്ടും സിനിമകൾ ചെയ്‌ത് അയാൾ പതിയെ നടന്നുകയറുകയായിരുന്നു- സിനിമയിലേക്ക്, പ്രേക്ഷക ഹൃദയങ്ങളിലേക്ക്. അധിക്ഷേപിച്ചവരെക്കൊണ്ട് ഇളയ ദളപതിയെന്നും പിന്നീട് ദളപതിയെന്നും വിളിപ്പിച്ചത് ചരിത്രം.
തമിഴിലെ കലക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച, ഏറ്റവുമധികം പണം വാരിയ, തകർപ്പൻ ബോക്‌സ് ഓഫിസ് ഹിറ്റുകൾ ഒരുക്കിയ നായകനിലേക്കുള്ള വളർച്ചയ്‌ക്ക് കഠിനാധ്വാനത്തിന്‍റെയും അർപ്പണ മനോഭാവത്തിന്‍റെയും കഥകൾ മാത്രമാകും പറയാനുണ്ടാവുക.
ഇന്ന് (ജൂൺ 22) വിജയ്‌യുടെ പിറന്നാളാണ്. താരത്തെ സ്‌നേഹം കൊണ്ട് പൊതിയുകയാണ് ആരാധകർ. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഫാൻബേസില്‍ വിജയ്‌യുടെ തട്ട് താഴ്‌ന്നുതന്നെ ഇരിക്കുമെന്ന് പറയാം. താരത്തിന് തന്‍റെ ആരാധകരോടുള്ള കരുതലും എടുത്തുപറയേണ്ടതാണ്. ആരാധകരെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു താരമുണ്ടോ എന്നുപോലും ഒരുവേള സംശയിച്ചേക്കാം.
റീൽ ലൈഫിലും റിയൽ ലൈഫിലും സൂപ്പർ സ്റ്റാർ ആണ് വിജയ്. തന്‍റെ നിലപാടുകൾ കൃത്യമായി അടയാളപ്പെടുത്താൻ അയാൾ ഒരിക്കലും മറന്നിരുന്നില്ല. വരുംവരായ്‌കകളെ ഭയക്കാതെ, തനിക്ക് പറയാനുള്ളതെല്ലാം പറയാറുണ്ട് വിജയ്. സമീപകാലത്തെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടല്ലോ.
സംസാരിക്കുന്നത് വിജയ്‌യുടെ സിനിമകളെ കുറിച്ചാണ്, വിമർശകരുടെ വായടപ്പിച്ച് അയാൾ കടന്നുവന്നിട്ടുള്ള യാത്രയെ കുറിച്ചാണ്. സംവിധായകനും നിർമാതാവുമായ എസ്എ ചന്ദ്രശേഖറിന്‍റെ മകനായി 1974 ജൂൺ 22 ന് ജനിച്ച ജോസഫ് ചന്ദ്രശേഖർ വിജയി 'വെടി' എന്ന ചിത്രത്തിൽ ബാലതാരമായാണ് തമിഴ് ചലച്ചിത്ര ലോകത്ത് തന്‍റെ സാന്നിധ്യം അറിയിക്കുന്നത്. പിന്നീട് 1992 ൽ 'നാളയെ തീർപ്പ്' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
എന്നാല്‍ ആദ്യ ചിത്രത്തിൽ തന്നെ നിരൂപകരുടെ വിമർശനത്തിന് വിജയ് പാത്രമായി. ഒരു ദയയുമില്ലാതെ വിജയ്‌യുടെ അഭിനയത്തേയും സിനിമയെയും അവർ നിശിതമായി വിമർശിച്ചു. പക്ഷെ വിജയ് തളർന്നില്ല, തുടർന്നും സിനിമകൾ ചെയ്‌ത് അയാൾ മുന്നോട്ട് തന്നെ ചുവടുകൾ വച്ചു.
റൊമാന്‍റിക് സിനിമകളാണ് തുടക്കക്കാലത്ത് വിജയ് തുടർച്ചയായി ചെയ്‌തിരുന്നത്. മെല്ലെമെല്ലെ ആളുകൾ വിജയ്‌യെ ശ്രദ്ധിക്കാനും ഇഷ്‌ടപ്പെടാനും തുടങ്ങി. ഒരു നടനായി ആളുകൾ അംഗീകരിച്ചു തുടങ്ങാൻ 1996ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാകെ' എന്ന ചിത്രം വരെ അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നു.
പിന്നീട് 'നേർക്കു നേർ', 'കാതുലുക്ക് മര്യാദ', 'വൺസ്മോർ' തുടങ്ങി ഒരുപിടി സിനിമകൾ വിജയ്‌യുടേതായി എത്തി. 'കാതലുക്ക് മര്യാദെ' എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സർക്കാരിന്‍റെ മികച്ച നടനുള്ള പുരസ്‌കാരവും വിജയ്‌യെ തേടിയെത്തി. 1999ൽ പുറത്തിറങ്ങിയ 'തുള്ളാത മനവും തുള്ളും' എന്ന ചിത്രം തെന്നിന്ത്യയ്‌ക്കാകെ വിജയ് എന്ന നടനെ പരിചയപ്പെടുത്തിക്കൊടുത്തു.
വിജയിയുടെ താര പദവി ഉറപ്പിച്ച ചിത്രം പിന്നാലെയെത്തി, 'ഖുഷി'. കോമഡി, പ്രണയം, ആക്ഷൻ, ഡാൻസ് എന്നിങ്ങനെ ഒരു ഫോർമുല തന്നെ വിജയ് ചിത്രങ്ങൾക്ക് രൂപപ്പെട്ടു. 'ഷാജഹാൻ' എന്ന സിനിമയും അദ്ദേഹത്തിന്‍റെ കരിയറിലെ പൊൻതൂവലായി. ചിത്രത്തിലെ 'സരക്ക് വെച്ചിരുക്ക' എന്ന ഗാനം തെന്നിന്ത്യ മുഴുവൻ ഏറ്റുപാടി. അതേ വർഷം തന്നെ 'ഫ്രണ്ട്‌സ്', 'ബദ്രി' സിനിമകളും വിജയം നേടി.
തന്‍റെ സ്ഥിരം ശൈലി ചിത്രങ്ങളിൽ നിന്ന് വിജയ് മാറി സഞ്ചരിച്ചു തുടങ്ങുന്നത് 2003ലെ 'തിരുമലൈ' എന്ന ചിത്രത്തിലൂടെ ആണെന്ന് പറയാം. അങ്ങനെ പതിയെ ആക്ഷൻ ചിത്രങ്ങളിലേക്കും വിജയ് ചുവട് മാറ്റി. പിന്നീട് വന്ന 'ഗില്ലി' വിജയ് എന്ന മാസ് ഹിറോയുടെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു. തമിഴ് സിനിമ ബോക്‌സ് ഓഫിസ് ചരിത്രം തന്നെ തിരുത്തി, 50 കോടി നേടിയ ആദ്യ തമിഴ് ചിത്രമായി 'ഗില്ലി'.
പ്രഭുദേവയുടെ സംവിധാനത്തില്‍ 2007 ൽ പുറത്തിറങ്ങിയ 'പോക്കിരി'യും വിജയ് ആരാധകർ നെഞ്ചേറ്റി. എന്നാൽ അവിടുന്നങ്ങോട്ട് പരാജയത്തിന്‍റെ നാളുകളാണ് വിജയ്‌യെ കാത്തിരുന്നത്. 'അഴകിയ തമിഴ് മകൻ', 'വില്ല്', 'സുറ' ചിത്രങ്ങളെല്ലാം സിനിമാസ്വാദകരെ നിരാശരാക്കി. വിജയിയുടെ സ്ഥിരം പാറ്റേൺ സിനിമകൾ രൂക്ഷ വിമർശനങ്ങൾ നേരിട്ടു. രക്ഷകനായി എത്തുന്ന ശരാശരി നായകനില്‍ വിജയ് കുടുങ്ങിക്കിടന്നു. വിജയ് യുഗം അവസാനിച്ചെന്നും വിജയിക്ക് ഇനി തിരിച്ചുവരവ് ഉണ്ടാകില്ലെന്നും വരെ പലരും വിധിയെഴുതി.