'ലൈഗര്‍' സിനിമയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടില്‍ വിജയ് ദേവരകൊണ്ടയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്‌തിരുന്നു. ബുധനാഴ്‌ച രാവിലെ 8.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ 12 മണിക്കൂറോളം നീണ്ടുനിന്നു. ശേഷം മാധ്യമങ്ങളെ കണ്ട വിജയ്, തന്‍റെ കടമ നിറവേറ്റിയെന്നും ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു ഇതെന്നുമാണ് പ്രതികരിച്ചത്.
'പ്രശസ്‌തി ഉണ്ടാകുമ്പോള്‍ കുറച്ച് പ്രശ്‌നങ്ങളും പാര്‍ശ്വ ഫലങ്ങളും ഉണ്ടാകും. ഇതൊരു അനുഭവമാണ്. ഇതാണ് ജീവിതം. എന്നെ വിളിപ്പിച്ചപ്പോള്‍ ഞാന്‍ എന്‍റെ കടമ നിറവേറ്റി. ഞാന്‍ വന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. എന്നോട് ഒരിക്കല്‍ കൂടി വരണമെന്ന് അവര്‍ പറഞ്ഞിട്ടില്ല' - വിജയ് ദേവരകൊണ്ട അറിയിച്ചു.
ഫെമ നിയമം ലംഘിച്ച് വിദേശത്തുനിന്ന് 'ലൈഗര്‍' സിനിമയ്‌ക്ക് വേണ്ടി പണം സ്വീകരിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് ഇഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നേരത്തെ 'ലൈഗര്‍' സംവിധായകന്‍ പുരി ജഗന്നാഥ്, നിര്‍മാതാവ് ചാര്‍മി കൗര്‍ എന്നിവരെയും ഇഡി ഇതിന് മുമ്പ് ചോദ്യം ചെയ്‌തിരുന്നു.