സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്‌റ്റുമായി ഉണ്ണി മുകുന്ദന്‍. സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രം സഹിതമാണ് താരത്തിന്‍റെ പോസ്റ്റ്. 'എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും' - എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചിരിക്കുന്നത്.
53-ാമത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ 'മാളികപ്പുറം' എന്ന സിനിമയ്‌ക്കും കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയ്‌ക്കും പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിനെച്ചൊല്ലി ഒരു വിഭാഗമാളുകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട എല്ലാവരുടെയും മനസ്സില്‍ ദേവനന്ദയാണ് മികച്ച ബാലതാരം എന്നവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തി.
എന്നാല്‍ വിഷയം വിവാദമാക്കരുതെന്നായിരുന്നു 'മാളികപ്പുറം' സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിലപാട്. അനാവശ്യ വിവാദങ്ങളിലേയ്‌ക്ക് ആ കുട്ടികളെ വലിച്ചിഴക്കരുതെന്നാണ് അഭിലാഷ് പിള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.
'അര്‍ഹത ഉള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്‌ത് അനാവശ്യ വിവാദങ്ങളിലേയ്‌ക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴയ്ക്കല്ലേ. ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്‌ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്' - ഇപ്രകാരമാണ് അഭിലാഷ് പിള്ള കുറിച്ചത്.
അവാര്‍ഡ് ലഭിച്ചില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട എല്ലാവരുടെയും മനസ്സില്‍ ദേവനന്ദയാണ് മികച്ച ബാല നടി എന്നാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത്. ഹൃദയം കൊണ്ട് എപ്പൊഴേ അവാര്‍ഡ് തന്നെന്നായിരുന്നു ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ശരത് ദാസ് ഫേസ്‌ബുക്കില്‍ കുറിച്ചത്.