തനിക്കെതിരെ നടൻ മന്‍സൂര്‍ അലി ഖാൻ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ (Trisha lashed out at Mansoor Ali Khan). മൻസൂറിന്റെ നീചവും വെറുപ്പുളവാക്കുന്നതുമായ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്ന് തൃഷ പറഞ്ഞു. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. മന്‍സൂര്‍ അലി ഖാൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും താരം കുറിച്ചു.
'മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അതിനെ ശക്തമായി അപലപിക്കുകയാണ്. അശ്ലീലം, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കൽ എന്നിവ നിറഞ്ഞതാണ് അയാളുടെ വാക്കുകൾ. അയാളെപ്പോലെ ഒരാളുമായി സ്ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്.
എന്റെ സിനിമാജീവിതത്തില്‍ ഇനി അത് ഒരിക്കലും സംഭവിക്കില്ലെന്നും ഞാൻ ഉറപ്പാക്കും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു'- തൃഷ ട്വീറ്റ് ചെയ്തു. ലിയോ സിനിമയുമായി ബന്ധപ്പെട്ട് ഏതാനും നാളുകൾക്ക് മുൻപ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത് (Mansoor Ali Khan Controversial remark against Trisha).
ചിത്രത്തിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു ഇയാളുടെ പരാമർശം. മുൻപ് സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലെന്നും മൻസൂർ പറഞ്ഞിരുന്നു. ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നും മൻസൂർ പറയുന്നത് വീഡിയോയിലുണ്ട്. വിജയ്ക്കൊപ്പം തൃഷയും പ്രധാന വേഷത്തിൽ എത്തിയ 'ലിയോ'യിൽ മൻസൂർ അലി ഖാൻ വേഷമിട്ടിരുന്നു.